ടാന്‍സാനിയ: ലോകചരിത്രത്തില്‍ ഇതാദ്യമാണ് ഒരു വനിതയെ വംശഹത്യയുടേയും ബലാത്സംഗത്തിന്‍റെയും പേരില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു. റുവാണ്ടന്‍ വംശഹത്യാക്കേസില്‍ മുന്‍ വനിതാമന്ത്രി പോളിന്‍ നിയാരമസുഹുകോയെയാണ് ഗൂഢാലോചന, വംശഹത്യ, ബലാത്സംഗം എന്നീ കേസുകള്‍ ചുമത്തി യുഎന്‍ കോടതി ജീവപര്യന്തം തടവിനു വിധിച്ചത്.
1994ലാണ് കേസിനാസ്പദ സംഭവം ഉണ്ടായത്. അന്നത്തെ ഇടക്കാല സര്‍ക്കാരിലെ മറ്റംഗങ്ങളുമായി പോളിന്‍ ഗൂഢാലോചന നടത്തിയെന്നതിനു വ്യക്തമായതെളിവികള്‍ ലഭിച്ചതായി ജഡ്ജിമാര്‍ പറഞ്ഞു. ഇവരുടെ മകന്‍ ആര്‍സീന്‍ ഷാലോം എന്‍ടഹോബലിക്കും മറ്റ് അഞ്ചു പേര്‍ക്കും കോടതി ജീവപര്യന്തം വിധിച്ചു. കേസില്‍ പ്രതികളായ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ടാന്‍സാനിയയിലെ ആരുഷയില്‍ സ്ഥിതി ചെയ്യുന്ന യുഎന്‍ യുദ്ധക്കുറ്റവിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബെല്‍ജിയത്തിന്‍റെ കോളനിയും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യവുമായ റുവാണ്ടയില്‍ ടുട്സി, ഹുട്ടു വംശങ്ങള്‍ തമ്മിലുള്ള പോര് പിന്നീട് വംശഹത്യയിലേക്കു നയിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷം പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ലക്ഷക്കണക്കിനു സ്ത്രീകള്‍ മാനഭംഗത്തിനിരയായി. പതിനാലു വര്‍ഷമായി വിചാരണ നേരിടുന്ന പോളിന്‍ നിയാരമസുഹുകോ കഴിഞ്ഞ പത്തുവര്‍ഷമായി തടവിലാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, മനുഷ്യാവകാശം, ശിക്ഷ