ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 – 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പെട്രോളിയം പോലുള്ള ഊര്‍ജത്തിന് പകരം അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മറ്റു തരത്തിലുള്ള ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനാണ് ശ്രമങ്ങള്‍ നടത്തേണ്ടത് എന്ന് ഈ ബില്‍ അവതരിപ്പിച്ച അവസരത്തില്‍ അമേരിക്കന്‍ പ്രസിടണ്ട് ബറാക് ഒബാമ പറയുകയുണ്ടായി. പെട്രോളിയം പോലുള്ള ഇന്ധനങ്ങള്‍ കത്തുമ്പോള്‍ വന്‍ തോതിലാണ് ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പുറത്തു വിടുന്നത്. ഇവ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചൂട് കൂട്ടുകയും ചെയ്യുന്നു.
സൌരോര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആവണം ഊര്‍ജ ഉല്പാദനം. ഈ ഊര്‍ജ സ്രോതസുകളെ ‘ക്ലീന്‍ എനര്‍ജി’ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. പുതിയ വ്യവസായങ്ങളും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനും അതോടൊപ്പം അപകടകരമായ വിദേശ ഇന്ധനത്തെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും എന്നും ഒബാമ പറഞ്ഞു.
- ജെ.എസ്.