ബെയ്റൂട്ട് : തലസ്ഥാന നഗരമായ ദമാസ്കസിലും അതിർത്തിയിലെ കുസൈർ പട്ടണത്തിലും നടന്ന കനത്ത പോരാട്ടത്തിനിടയിൽ പ്രസിഡണ്ട് ബഷർ അൽ അസ്സദിന്റെ സർക്കാർ സൈന്യം വിമതർക്ക് നേരെ രാസായുധങ്ങൾ വീൺറ്റും പ്രയോഗിച്ചതായി സൂചന. അടുത്ത മാസം അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുൻപ് തന്റെ നില മെച്ചപ്പെടുത്താനുള്ള പ്രസിഡണ്ട് അസ്സദിന്റെ നീക്കമായാണ് ഇപ്പോൾ നടക്കുന്ന കനത്ത പോരാട്ടം എന്നാണ് നിരീക്ഷണം.
ലെബനനിലെ ഹെസ്ബൊള്ള പോരാളികളും സർക്കാർ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുസൈറിലെ ഹെസ്ബുള്ളയുടെ ഇടപെടൽ ലെബനനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരക്കെ ആശങ്കയുണ്ട്. തെക്കൻ ലെബനനിൽ നിന്നും തൊടുത്തു വിട്ട രണ്ട് റോക്കറ്റുകൾ ഷിയ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ബെയ്റൂട്ടിൽ പതിച്ചു. ഒരു റോക്കറ്റ് ഇസ്രയേൽ ലക്ഷ്യമായി കുതിച്ചതായും റിപ്പോർട്ടുണ്ട്.
ഹെസ്ബുള്ളയുടെ പങ്ക്‍ ആശങ്കാജനകമാണെന്നും യുദ്ധം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് ഐക്യ രാഷ്ട്ര സഭാ ജനറൽ സെക്രട്ടറി ബാൻ കി മൂൺ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
രാസായുധങ്ങൾ നിരോധിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ സിറിയ അംഗമല്ല. കണക്കിൽ പെടാത്ത രാസായുധങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുള്ള അവസാനത്തെ രാജ്യമാണ് സിറിയ എന്ന് കരുതപ്പെടുന്നു. ആക്രമണ വേളയിൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന തങ്ങളുടെ ഒരു മാദ്ധ്യമ പ്രവർത്തകന്റെ കാഴ്ച്ച മങ്ങിയതായി ഒരു ഫ്രെഞ്ച് പത്രം വെളിപ്പെടുത്തി. പോരാളികളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നതിന്റേയും ശ്വാസ തടസ്സം അനുഭവപ്പെടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ഇതെല്ലാം രാസായുധങ്ങളുടെ പ്രയോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, യുദ്ധം, സിറിയ