അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും നേരിട്ട് ശ്രമിച്ചിട്ടും അമേരിക്കയ്‌ക്ക് ഒളിമ്പിക്‍സ് ലഭിച്ചില്ല. നാണം കെട്ട ഈ പരാജയം ലോകം മുഴുവന്‍ ടെലിവിഷനില്‍ കാണുകയും ചെയ്തു എന്നത് ഈ പരാജയത്തിന്റെ ആഴം വര്‍ദ്ധിപ്പിയ്ക്കുന്നു. അമേരിക്കക്കാര്‍ക്ക് ഇതില്‍ പരം ഒരു അപമാനം ഉണ്ടാവാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ന്യൂ യോര്‍ക്ക് ടൈംസ് പത്രം ഈ പരാജയത്തിന്റെ കഥ തങ്ങളുടെ സ്‌പോര്‍ട്ട്‌സ് പേജിലാണ് പ്രസിദ്ധപ്പെടുത്തിയത് എന്നത് അമേരിക്കന്‍ മാധ്യമങ്ങളുടെ ഗതികേട് വെളിപ്പെടുത്തി.
അമേരിക്കയുടെ ഈ നഷ്‌ട്ടത്തിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. 1976ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്സ് ലഭിച്ചതിനു പിന്നിലെ കഠിനാധ്വാനം കണക്കിലെ ടുക്കുമ്പോള്‍ ചിക്കാഗോ ഇത്തവണ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്തിട്ടില്ല എന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.
ഇത്തരം ഒരു ഉദ്യമവുമായി ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും മുന്നിട്ടിറങ്ങിയത്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഏതെങ്കിലും പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുന്‍പു അമേരിക്കന്‍ ചാര സംഘടന അടക്കമുള്ള ഏജന്‍സികള്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്ന പതിവുണ്ട്. അതി സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും വിശകലനം ചെയ്തും സുരക്ഷാ സംവിധാനങ്ങള്‍ മുതല്‍ പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍ വരെ ഇവരുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകും. ചടങ്ങിന്റെ പര്യവസാനം വരെ ഇവര്‍ ആസൂത്രണം ചെയ്ത്, ഈ തിരക്കഥയില്‍ ഒരു ചെറിയ വ്യതിയാനം പോലും ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ പദവിയുടെ മാന്യതയ്‌ക്ക് കോട്ടം തട്ടുന്നതൊന്നും സംഭവിയ്ക്കാ തിരിയ്ക്കാന്‍ ഇവര്‍ ബദ്ധ ശ്രദ്ധരാണ്. പരാജയത്തിന്റെ നിഴല്‍ വീഴാതിരിയ്ക്കാന്‍ തക്കവണ്ണം മഹത്തരമാണ് അമേരിക്കന്‍ പ്രസിഡണ്ട് പദവി എന്ന് ഇവര്‍ വിശ്വസിയ്ക്കുന്നു. അമേരിയ്ക്കന്‍ പ്രസിഡണ്ടിന്റെ ഈ പ്രഭാവം നഷ്‌ട്ടപ്പെട്ടാല്‍ ലോകമെമ്പാടും പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിയന്ത്രിയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിയാതെ വരും എന്നും ഇവര്‍ ഭയപ്പെടുന്നു.



രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് പകര്‍ന്നു ലഭിച്ചത് അമേരിക്കന്‍ ജനകീയ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചു എന്ന് ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ഓര്‍മ്മിച്ചു. ഇതിന് അമേരിക്കന്‍ ജനത ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു. ഗാന്ധി നയിച്ച അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്നത്തെ അമേരിക്ക തങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തോടും സന്ദേശത്തോടുമുള്ള അമേരിക്കന്‍ ജനതയ്ക്കുള്ള മതിപ്പ് പ്രകടിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ഒബാമ അറിയിച്ചു. കഴിഞ്ഞ ദിവസം വെര്‍ജീനിയയിഒലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ, ജീവിച്ചിരി ക്കുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയുമായി വിരുന്നില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചാല്‍ താങ്കള്‍ ആരെ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഗാന്ധി എന്ന് ഒബാമ മറുപടി പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ യഥാര്‍ത്ഥ ആരാധ്യ പുരുഷന്‍ ഗാന്ധിയാണെന്ന് ഒബാമ അന്ന് വ്യക്തമാക്കി. ഗാന്ധിയുമായി ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഒബാമ പക്ഷെ ഗാന്ധി മിതമായി മാത്രം ആഹാരം കഴിക്കുന്ന ആളായിരു ന്നതിനാല്‍ തങ്ങളുടെ വിരുന്ന് പെട്ടെന്ന് അവസാനിക്കും എന്ന് തമാശയായി പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House” എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ചന്ദ്രനില്‍ വെള്ളം കണ്ടതായി സ്ഥിരീകരിച്ചു. ഇന്നലെ നാസയുടെ വാഷിംഗ്ടണ്‍ ആസ്ഥാനത്ത് നിന്നും ഈ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി അറിയിയ്ക്കു കയുണ്ടായി. ഇന്ത്യയുടെ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍-1 വഹിച്ചിരുന്ന “മൂണ്‍ മിനറോളജി മാപ്പര്‍” എന്ന ഉപകരണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ രുമായുള്ള സഹകരണം കൊണ്ടാണ് ഈ വിസ്മയകരമായ കണ്ടു പിടുത്തം സാധ്യമായത് എന്ന് നാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ചന്ദ്രനില്‍ വലിയ തടാകങ്ങളോ പുഴകളോ ഉണ്ടെന്ന് ഇതിന് അര്‍ത്ഥമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഒരു ടണ്‍ മണ്ണെടുത്ത് അതില്‍ നിന്നും വെള്ളത്തിന്റെ അംശം വേര്‍തിരിച്ചാല്‍ ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിയ്ക്കും എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു.
വന്‍ രാഷ്ട്രങ്ങളെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേയ്ക്ക് ഇനിയും കൊണ്ടു വരുന്നത് സമിതിയുടെ സന്തുലിതാ വസ്ഥയ്ക്ക് ദോഷം ചെയ്യും എന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി പ്രസ്താവിച്ചു. സമിതിയിലെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ തുല്യത ആവശ്യമാണ്. ഇന്ത്യ അംഗമായാല്‍ ഇന്ത്യയെ പോലെ ആണവ രാഷ്ട്രമായ പാക്കിസ്ഥാനും അംഗത്വം നല്‍കേണ്ടി വരും. ഇറ്റലി, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, അര്‍ജന്റീന, ബ്രസീല്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളേയും പരിഗണിയ്ക്കേണ്ടി വരും. ഇങ്ങനെ വന്‍ ശക്തികളുടെ തിക്കിലും തിരക്കിലും പെട്ടു ചെറു രാഷ്ട്രങ്ങള്‍ ഞെരുങ്ങി പോവും. ഇതിനാല്‍ സുരക്ഷാ സമിതിയില്‍ കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം തങ്ങള്‍ നിരാകരിയ്ക്കുന്നു.
ആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവായുധം ഉപയോഗി യ്ക്കുകയുള്ളൂ.
ത്രസിപ്പിക്കുന്ന വിജയവുമായി യുനെസ്കോ (UNESCO) യുടെ തലപ്പത്തേയ്ക്ക് ആദ്യമായി ഒരു വനിത എത്തി. ബള്‍ഗേറിയയുടെ മുന്‍ വിദേശ കാര്യ മന്ത്രിയും ഇപ്പോഴത്തെ സ്ഥാനപതിയുമായ ഇറിന ബോകോവയ്ക്കാണ് ഈ നേട്ടം കൈവരിക്കാന്‍ ആയത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്ക്ക് റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആകെ ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതി യിലേയ്ക്ക് മാറിയ ശക്തമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നാണക്കേട് ഉളവാക്കുന്ന കണക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ്) എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിയ്ക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടു വന്നത്. മാധ്യമ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ ശത്രുതയാണ് ഈ കൊലപാത കങ്ങള്‍ക്ക് കാരണമായത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

























