പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വായനക്കാര്‍ക്ക് ലഭ്യമാക്കുവാനായി ഗൂഗിള്‍ എഴുത്തുകാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ തള്ളി കളയണം എന്ന് അമേരിക്കന്‍ നീതി ന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലാവുന്നതോടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരം ഗൂഗിള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഈ പുസ്തകങ്ങള്‍ വായിക്കുവാനും കഴിയും. സാമൂഹികമായി ഏറെ നേട്ടമുള്ള ഒരു പദ്ധതിയാണ് ഇത് എങ്കിലും ഇത്തരം ഒരു നീക്കത്തോടെ ഓണ്‍ലൈന്‍ പുസ്തക രംഗത്ത് ഗൂഗിളിനെ ഒരു കുത്തക ആക്കി മാറ്റും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓപണ്‍ ബുക്ക് അലയന്‍സിന്റെ ആരോപണം. ഗൂഗിളിന്റെ ഏറ്റവും വലിയ മൂന്ന് എതിരാളികളായ മൈക്രോസോഫ്റ്റ്, യാഹൂ, ആമസോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഓപണ്‍ ബുക്ക് അലയന്‍സിന് രൂപം നല്‍കിയത്. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് തിരച്ചില്‍ രംഗത്ത് അജയ്യരായ ഗൂഗിളിന് പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുവാന്‍ ഉള്ള അവകാശവും കൂടി ലഭിച്ചാല്‍ പിന്നെ ഗൂഗിളിനെ തോല്‍പ്പിക്കുവാന്‍ അസാധ്യമാവും എന്ന് ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഇത്തരം ഒരു പദ്ധതിയിലൂടെ പുസ്തകങ്ങള്‍ തിരയുവാനും, വായിക്കുവാനും, ഡൌണ്‍ലോഡ് ചെയ്യുവാനും സാധ്യമാവുന്നത് പുസ്തകങ്ങള്‍ എന്ന മഹത്തായ സാംസ്ക്കാരിക സമ്പദ് ശേഖരത്തിന് മുന്‍പൊന്നും ലഭ്യമല്ലാത്ത അത്രയും വലിയ വായനക്കൂട്ടത്തെ സൃഷ്ടിക്കും എന്ന കാര്യം ഓപ്പണ്‍ ബുക്ക് അലയന്‍സും സമ്മതിക്കുന്നുണ്ട്.