പാരീസ്: ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാം വട്ടം വോട്ടെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിക്ക് തിരിച്ചടി. ആദ്യവട്ടം വോട്ടെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിയുടെ സര്‍കോസിക്ക് 25-26 ശതമാനം വോട്ടേ കിട്ടിയുള്ളൂ. ഇദ്ദേഹം രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടതായി എ. എഫ്. പി. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എതിരാളി ഒലാദിന് 28-29 ശതമാനം വോട്ടോടെ ഒന്നാമതെത്തി. തീവ്രവലതുപക്ഷ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മാരിന്‍ ലെ പെന്‍ 17-20 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലുക് മെലങ്കോണ്‍ 11-13 ശതമാനം വോട്ടോടെ നാലാമതെത്തി. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.
സര്‍കോസിയും ഒന്നാം സ്ഥാനത്തുള്ള സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ഫ്രാന്‍സ്വാ ഒലാദും മെയ് ആറിനു നടക്കുന്ന രണ്ടാം വട്ടം വോട്ടെടുപ്പില്‍ വീണ്ടും ഏറ്റുമുട്ടും.
ഇതോടെ നിലവിലെ പ്രസിഡന്റ് നിക്കോളാസ് സര്‍കോസി ഒരിക്കല്‍ക്കൂടി അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു.