സാൻ പെദ്രോ : ലോകപ്രശസ്ത ആന്റി വയറസ് സോഫ്റ്റ്വെയർ ആയ മെക്കഫി യുടെ സ്ഥാപകൻ ജോൺ മെക്കഫി പോലീസ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ. തന്റെ അയൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ തന്നെ പ്രതിയാക്കാനായി പോലീസ് ശ്രമിക്കുകയാണെന്നും പടിയിലായാൽ അവർ തന്നെ കൊല്ലുമെന്നും ഭയന്നാണ് താൻ ഒളിവിൽ കഴിയുന്നത് എന്നും കഴിഞ്ഞ ദിവസം അസോസിയേറ്റ് പ്രസ് എന്ന മാദ്ധ്യമ സ്ഥാപനത്തെ ടെലിഫോണിൽ വിളിച്ച് മെക്കഫി അറിയിച്ചു.
സോഫ്റ്റ്വെയർ രംഗത്തെ ഭീമന്മാരായ മെക്കഫിയുടെ സ്ഥാപകനും കോടീശ്വരനുമായ ജോൺ മെക്കഫി ദക്ഷിണ അമേരിക്കയിലെ തീരദേശ രാഷ്ട്രമായ ബെലീസിലാണ് കുറേ വർഷമായി താമസിക്കുന്നത്. അദ്ദേഹത്തിന്റെ വളർത്തു നായ്ക്കളും അംഗരക്ഷകന്മാരും അടുത്ത വീടുകളിലും മറ്റും അതിക്രമിച്ചു കയറുന്നതുമായി ബന്ധപ്പെട്ട് അയൽക്കാരനായ ഗ്രിഗറി ഫോൾ എന്ന വ്യക്തി മെക്കഫിയുമായി കലഹിക്കുകയും ഉണ്ടായതാണ് പിന്നീട് ഗ്രിഗറി വധിക്കപ്പെട്ടപ്പോൾ മെക്കഫി പോലീസിന്റെ നോട്ടപ്പുള്ളിയാവാൻ കാരണമായത്.
ബെലീസിലെ പോലീസ് തന്നെ പിടികൂടിയാൽ മർദ്ദിച്ച് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും എന്നും കസ്റ്റഡിയിൽ തന്നെ താൻ വധിക്കപ്പെടും എന്നുമാണ് മെക്കഫി ഭയക്കുന്നത് എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിക്കുന്നു. പോലീസ് കടപ്പുറത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോൾ മണലിൽ സ്വയം കുഴിച്ചിട്ടാണ് മെക്കഫി പോലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെട്ടത്. ഇപ്പോൾ ഒരു യുവതിയോടൊപ്പം അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിച്ചു വരികയാണ് എന്നും തന്റെ ടെലഫോൺ നമ്പർ പോലീസ് കണ്ടെത്താതിരിക്കാനായി ഇടയ്ക്കിടെ മാറ്റി വരികയാണ് എന്നും അദ്ദേഹം അറിയിച്ചു.