
ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക് പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.
വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.
തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ് എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.
വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക് വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്ക്കാര്.








ന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.
വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക് സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
ആഗോള മാന്ദ്യത്തെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നതിന് ഇടയിലും ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് യു.എ.ഇ. യില്‍ തന്നെ ആണെന്ന് യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി അഭിപ്രായപ്പെട്ടു. പതിനഞ്ച് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ യു.എ.ഇ. യില്‍ ഉണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ ദുബായ്, ഷാര്‍ജ എന്നിങ്ങനെയുള്ള വടക്കന്‍ എമിറേറ്റുകളിലാണ് ഉള്ളത്. യു.എ.ഇ. യില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍ കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് എന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം അറിയിച്ചു. 2007 നെ അപേക്ഷിച്ച് 2008ല്‍ 11.87 ശതമാനം വര്‍ധനയാണ് ഇവിടെ ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.
























