ഡബ്ലിൻ : ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഇന്ത്യൻ വനിതയ്ക്ക് ഐറിഷ് ആശുപത്രി അധികൃതർ ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് മരിക്കാൻ ഇടയായ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. വിദേശ കാര്യ വകുപ്പ് ഐറിഷ് അംബാസഡറെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 31 കാരിയായ ദന്ത ഡോക്ടർ സവിതയാണ് അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഹതഭാഗ്യ. സവിതയുടെ മരണം ഗൌരവമായി കണ്ട ഇന്ത്യൻ അധികൃതർ ഡബ്ലിനിലെ ഇന്ത്യൻ അംബാസഡറോടും സംഭവത്തിൽ നേരിട്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടും എന്ന് അറിയിച്ചു. മാനുഷികമായ പരിഗണനകൾ മാനിച്ച് കർശനമായ ഗർഭച്ഛിദ്ര നിയമത്തിൽ അയവ് വരുത്തണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് വനിതാ കമ്മീഷൻ അറിയിച്ചു.
തന്റെ ഗർഭ അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറഞ്ഞത് എന്ന് സവിതയുടെ പിതാവ് പറഞ്ഞു.