ലണ്ടന്‍: വിക്കിലീക്ക്‌സിലെ രണ്ട് വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന കേസില്‍ അറസ്റ്റിലായ ‘വിക്കിലീക്‌സ്’ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണയ്‌ക്കായി സ്വീഡനു കൈമാറാമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി.
അസാന്‍ജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വീഡന്റെ അപേക്ഷ നിയമാനുസൃതമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരായ അപ്പീല്‍ തള്ളുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ് നിക്കോളാസ് ഫിലിപ്‌സ് വ്യക്‌തമാക്കി. അഞ്ച് ജഡ്ജിമാര്‍ അസാഞ്ചെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അസാഞ്ചെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയത്. അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിട്ട അസാന്‍ജ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തിനെതിരേ നിയമ പോരാട്ടത്തിലായിരുന്നു.
സ്വീഡനില്‍ ലൈംഗികാരോപണക്കേസുകളാണു നേരിടുന്നതെങ്കിലും അവിടെനിന്നു തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള സാധ്യതകളാണ് ഓസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജിനെ ഭയപ്പെടുത്തുന്നത്. എന്നാല്‍ അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക് വേണമെങ്കില്‍ അസാഞ്ചെയുടെ കേസ് വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം. അതിനാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നാണ് അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.