ബീജിങ്: ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2008ലെ ബീജിങ് ഒളിംപിക്സിനു തൊട്ടു മുന്പ് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന ജയില്‍ മോചിതനാക്കി. രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ച അദ്ദേഹം ടിബറ്റന്‍ നയത്തില്‍ ചൈനീസ് സര്‍ക്കാരിനെ എതിര്‍ത്തിരുന്നു. ഭരണകൂടത്തെ വിമര്‍ശിച്ചതിനു മൂന്നു മാസമായി വെയ്വെയ് ജയിലിലാണ്. പൊതുപ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കലാകാരനായ ഐ വെയ്വെയ്യെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെട നിരവധി പ്രസ്ഥാനങ്ങള്‍ ഇവരുടെ മോചനത്തിന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. മോചിതനായെങ്കിലും ഒരു വര്‍ഷം കൂടി പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും ഹൂ ജിയ. രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കുന്നതിനും വിലക്കുണ്ട്.
മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജിയ വീട്ടില്‍ തിരിച്ചെത്തിയെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും പൊതു പ്രവര്‍ത്തകയുമായ സെങ് ജിന്യാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് ജിയ വിട്ടു നില്‍ക്കുമെന്ന് അവര്‍ അറിയിച്ചു. “നിദ്രാ വിഹീനമായ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ 2.30നാണ് ജിയ തിരിച്ചെത്തിയതെന്നും സമാധാനപരം, സന്തോഷം. അല്‍പ്പ നേരം വിശ്രമം വേണം. എല്ലാവര്‍ക്കും നന്ദി “- എന്നായിരുന്നു മോചനത്തെ കുറിച്ച് ട്വിറ്ററിലൂടെ സെങ് ജിന്യാന്‍ കുറിച്ചത്.