കരാകാസ് : വെനിസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് അര്‍ബുദ രോഗ ബാധിതനാണ് എന്ന വെളിപ്പെടുത്തല്‍ വെനിസ്വേലയുടെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിനും അമേരിക്കയുടെ സ്വാധീന വലയത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ലാറ്റിന്‍ അമേരിക്ക എന്ന സ്വപ്നത്തിനും മങ്ങലേല്‍പ്പിക്കും എന്ന് ആശങ്ക.
12 വര്‍ഷക്കാലം വെനെസ്വേല ഭരിച്ച ഷാവേസ് ഇനി എത്ര കാലം കൂടി ഭരിക്കും എന്നതല്ല, എത്ര കാലം കൂടി അദ്ദേഹത്തിന്റെ ആരോഗ്യ നില അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ക്യൂബയിലേക്കുള്ള യാത്രയ്ക്കിടയില്‍ അര്‍ബുദം ബാധിച്ച മുഴ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തു എന്ന ഷാവേസിന്റെ വെളിപ്പെടുത്തല്‍ വെനിസ്വേലയെ ഞെട്ടിച്ചിരുന്നു.
അമേരിക്കന്‍ മേല്‍ക്കോയ്മയെ എന്നും വെല്ലുവിളിച്ച ഷാവേസ് അമേരിക്കയുടെ ശത്രുക്കള്‍ക്ക് എന്നും തുണയായ ഇടതു പക്ഷ ശക്തിയായി വര്‍ത്തിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനത്തിന് വിലങ്ങു തടിയാവുകയും ചെയ്തു വന്നു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ വെനിസ്വേലയുടെ പിന്തുണ ക്യൂബ, നിക്കരാഗ്വ, ബൊളീവിയ മുതലായ രാഷ്ട്രങ്ങള്‍ മുതല്‍ അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാനും ലിബിയക്കും വരെ ലഭിച്ചത് അമേരിക്കയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.
ആരോഗ്യം വീണ്ടെടുത്ത് കൊണ്ട് ക്യൂബയില്‍ കഴിയുന്ന ഷാവേസ് കരുത്തോടെ തിരിച്ചെത്തും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലന്‍ തെരുവുകളില്‍ ഷാവേസിന് അഭിവാദ്യങ്ങളുമായി അനുയായികള്‍ ആവേശ പൂര്‍വ്വം “സേനാനായകാ മുന്നോട്ട്” എന്ന ആരവം മുഴക്കി അണിനിരന്നു കാത്തിരിക്കുകയാണ്.
- ജെ.എസ്.