ന്യൂയോര്‍ക്ക്: ആമകള്‍ റണ്‍വേ കൈയേറിയാതിനാല്‍ വിമാന സര്‍വീസ് തടസ്സപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേയിലാണ് ആമകള്‍ അനധികൃതമായി കൈയേറ്റം നടത്തിയത്. മുട്ട ഇടാനായിരുന്നു നൂറു കണക്കിന് ആമകള്‍ റണ്‍വേ കൈയ്യേറിയത്. രാവിലെ വിമാനത്താവള ജീവനക്കാര്‍ നോക്കുമ്പോള്‍ വിമാനത്തിന് സഞ്ചരിക്കാന്‍ കഴിയാത്തവിധം റണ്‍വേ ആമകളാലും അവരിട്ട മുട്ടകളാലും നിറഞ്ഞിരിക്കുന്നു. ഇതേ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ നടത്താനായില്ല. ഒടുവില്‍ ഈ ആമകളെയെല്ലാം ഒഴിപ്പിച്ച് റണ്‍വേ വൃത്തിയാക്കിയാണ് വിമാന സര്‍വീസ് പുനരാരംഭിച്ചത്.
നിരവധി ഇടങ്ങളില്‍ അധിനിവേശം നടത്തിയിട്ടുള്ള അമേരിക്കയ്ക്ക് ആമകളുടെ ഈ അധിനിവേശം അമ്പരപ്പുണ്ടാക്കി. ”പാതകളെ കുറിച്ച് മുയലുകളെക്കാളേറെ ആമകള്‍ക്ക് പറയാനുണ്ട് ” എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ ആമകള്‍ കേട്ടിരിക്കുമോ? ഇവിടെ മുട്ടയിടാന്‍ ആമകള്‍ പാതകളെ തന്നെ തെരഞ്ഞെടുത്തത് യാദൃശ്ചികമാകാം. പണ്ടൊരു ഓട്ട മത്സരത്തില്‍ ആമ മുയലിനെ തോല്‍പ്പിച്ചതോടെയാണ് നാം ആമയുടെ വേഗതയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആമകളുടെ ആവാസത്തെ പറ്റി ഇനിയും നാം കാര്യമായി ചിന്തിച്ചോ എന്ന ചോദ്യമാണ് ഈ കയ്യേറ്റങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഭൂമി മനുഷ്യന്റെ മാത്രമല്ല എന്ന പ്രാഥമിക പാഠം നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ആകുമോ ആമകളുടെ ഈ കയ്യേറ്റം?
- ഫൈസല്‍ ബാവ