ലണ്ടൻ: 5500ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഇബോള വൈറസിനെതിരെ പോപ്പ് ഗായകരും രംഗത്ത്. സ്പർശനത്തിലൂടെ പകരുന്ന വൈറസ് ഏറ്റവും അടുപ്പമുള്ളവരെ പോലും അകറ്റുന്ന സ്ഥിതി വിശേഷം അത്യന്തം വേദനാജനകമാണ് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൺ ഡയറക്ഷൻ, എഡ് ഷീറാൻ എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത പോപ്പ് ഗായകർ ബാൻഡ് എയ്ഡ് ചാരിറ്റി സിംഗ്ൾന്റെ 30ആം വാർഷികത്തോ ടനുബന്ധിച്ച് ഇബോള യ്ക്കെതിരെയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ്. ഇബോളയുടെ ക്രൂരമായ മുഖമാണ് ഇവർ എടുത്തു കാണിക്കുന്നത്. സ്പർശനത്തിലൂടെയാണ് ഇബോള പകരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും അടുപ്പമുള്ളവരെ പോലും ഈ വൈറസ് അകറ്റുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണ സമയത്ത് പോലും ഒന്ന് സ്പർശിക്കുവാനോ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം അകറ്റി നിർത്തുന്ന ഈ മാരക രോഗത്തെ ഏതു വിധേനയും കീഴ്പ്പെടുത്തുക തന്നെ വേണം എന്ന് ഇവർ പറയുന്നു. അമ്മമാർക്ക് സ്വന്തം മക്കളെ ഒന്നെടുക്കുവാൻ കഴിയുന്നില്ല, കമിതാക്കൾക്ക് ഒന്ന് പരസ്പരം ആശ്വസിപ്പിക്കാൻ കഴിയുന്നില്ല, ഭാര്യമാർക്ക് മരണ വേളയിൽ പോലും സ്വന്തം ഭർത്താവിന്റെ കരങ്ങൾ സ്പർശിക്കാൻ ആവുന്നില്ല. ഇതെന്ത് ദുരിതമാണ്? ഇത് ശരിയല്ല. ഇതിനെ തടയുക തന്നെ വേണം എന്ന് പോപ്പ് ഗായകരുടെ സംഘം അഭിപ്രായപ്പെട്ടു.