ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലെ ആര്‍മി പബ്ലിക് സ്കൂളിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
സൈന്യം നടത്തുന്ന സ്കൂളിനു നേരെ സൈനിക വേഷത്തില്‍ എത്തിയ ഭീകരന്മാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയുന്നു. സ്ഫോടക വസ്തുക്കളും തോക്കുകളുമടക്കം വന്‍ തോതില്‍ ആയുധങ്ങളുമായി ഒരു ചാവേര്‍ സംഘമാണ് ആക്രമണത്തിനെത്തിയത്. ഭീകരര്‍ നിരവധി കുട്ടികളേയും അധ്യാപകരേയും ബന്ദികളാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.
ഭീകരന്മാര്‍ നടത്തിയ വെടിവെപ്പും ഒപ്പം പരിക്കേറ്റ കുട്ടികളുടേയും അധ്യാപകരുടേയും നിലവിളികളും കൊണ്ട് സ്കൂള്‍ പരിസരം യുദ്ധക്കളമായി മാറി. പ്രദേശത്ത് ഭീകരന്മാരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭീകര്‍ക്കെതിരെ ചെറുത്തു നിന്ന വിദ്യാര്‍ഥികളേയും അധ്യാപകരേയും നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലുകയായിരുന്നു. അധ്യപകരില്‍ ചിലരെ ജീവനോടെ തീ കൊളുത്തിയെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിന്റെ പിന്‍വാതിലൂടെ കുട്ടികളെ സൈന്യം രക്ഷപ്പെടുത്തി. പരിക്കേറ്റ പലര്‍ക്കും സൈനികര്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി. പ്രദേശത്തെ നാല് ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് പ്രത്യേക പരിചരണത്തിനായുള്ള സൌകര്യം ഒരുക്കി.
കുട്ടികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ലോക നേതാക്കള്‍ നടുക്കം പ്രകടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ദു:ഖം രേഖപ്പെടുത്തി.