അങ്കാറ: തുര്‍ക്കിയെ പിടിച്ചുലച്ച ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കവിഞ്ഞതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 217 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്‌ഥിരീകരണം. ആയിരക്കണക്കിനാളുകള്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വാന്‍ പ്രവിശ്യ പ്രധാനമന്ത്രി ആര്‍. തായിപ് എര്‍ദോഗന്‍ സന്ദര്‍ശിച്ചു. ഒരു ലക്ഷത്തോളം ആളുകര്‍ താമസിക്കുന്ന എര്‍കിസ് നഗരത്തിലെ 55 അപാര്‍ട്ടുമെന്റുകള്‍ നിലംപൊത്തിയതായും നിരവധി ആളുകള്‍ ഇതില്‍ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു. നൂറിലേറെപ്പേര്‍ വാന്‍ നഗരത്തിലും 117 പേര്‍ എര്‍സിസിലും മരിച്ചതായി ആഭ്യന്തരമന്ത്രി നയിം സാഹിന്‍ അറിയിച്ചു. 1090 പേര്‍ക്കു പരുക്കേറ്റു. ഫ്‌ളഡ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാണെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്‌ഥാപിച്ചിട്ടില്ലെന്നും വാന്‍ മേയര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തുടര്‍ചലനങ്ങളുണ്ടാകുന്നതിനാല്‍ രാത്രിയിലും ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്കു പുറത്തിറങ്ങിനില്‍ക്കുകയാണ്. 1275 തിരച്ചില്‍-രക്ഷാസേനകളും ആറു ബറ്റാലിയന്‍ സൈന്യവും 145 ആംബുലന്‍സുകളുമാണ് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. നാല് ഹെലികോപ്‌റ്റര്‍ ആംബുലന്‍സും സൈനിക കാര്‍ഗോ വിമാനങ്ങളും രംഗത്തുണ്ട്. എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. ഇറാന്‍ അതിര്‍ത്തിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.