കാൻബെറ : ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന ലേലത്തിൽ ബ്രസീലിൽ നിന്നുമുള്ള ഒരു പെൺകുട്ടി തന്റെ കന്യകാത്വം വിറ്റു. 4.18 കോടി രൂപയ്ക്കാണ് പെൺകുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുത്താനുള്ള ലേലം ജപ്പാൻകാരനായ ഒരു ധനികൻ വിളിച്ചെടുത്തത്. കാതറീന എന്ന 20 കാരി പെൺകുട്ടിയെ ലേലം സംഘടിപ്പിച്ച കമ്പനി ഓസ്ട്രേലിയയിലേക്ക് വിമാനത്തിൽ കൊണ്ടു പോയി ലേലം വിളിച്ചടുത്ത നാറ്റ്സു എന്നയാൾക്ക് “സമ്മാനിക്കും”. അടുത്ത ഏതാനും ആഴ്ച്ചകൾക്കകം ഇവരെ വെളിപ്പെടുത്താത്ത ഒരു സ്വകാര്യ ഇടത്തേക്ക് കൊണ്ടു പോകും. അവിടെ വെച്ചാവും നാറ്റ്സു കാതറീനയുടെ കന്യകാത്വം നഷ്ടപ്പെടുത്തുക. ചടങ്ങിന് മുൻപും പിൻപും കാതറീനയുമായുള്ള അഭിമുഖ സംഭാഷണം ചിത്രീകരിക്കും. എന്നാൽ “സംഭവം” ചിത്രീകരിക്കില്ല എന്ന് ഡോക്യുമെന്ററിയുടെ നിർമ്മാതാവായ ജെയ്സൺ അറിയിച്ചു.
“കന്യകകളെ ആവശ്യമുണ്ട്” എന്ന ഇവരുടെ പരസ്യം വൻ വിവാദങ്ങളാണ് ഓസ്ട്രേലിയയിൽ ഉയർത്തിയത്. ഓൺലൈൻ ആയിരുന്നു ലേലം. അവസാന റൌണ്ടിൽ 15 പേരാണ് ലേലത്തിൽ ഉണ്ടായിരുന്നത്. അവസാനം ജപ്പാൻകാരനായ നാറ്റ്സു 4.18 കോടി രൂപയ്ക്ക് ലേലത്തിൽ വിജയിച്ചു.
ലേലത്തിന്റെ നിബന്ധനകൾ പ്രകാരം ഗർഭ നിരോധന ഉറ ഉപയോഗിക്കണം. മാത്രമല്ല നാറ്റ്സുവിനെ വിശദമായ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.
ലേലം അവസാനിച്ച കാര്യം അറിഞ്ഞ കാതറീൻ അത്യന്തം ആഹ്ലാദവതിയായിരുന്നു. ബ്രസീലിൽ ഉള്ള തന്റെ കുടുംബാംഗങ്ങളെ ഉടൻ തന്നെ കാതറീൻ വിവരം അറിയിച്ചു. ഇത്തരമൊരു കാര്യം കാതറീൻ ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നിലെങ്കിലും അവരും ഏറെ സന്തോഷിച്ചു എന്നാണ് ജെയ്സൺ പറയുന്നത്.
ഇത് താൻ ഒരു ബിസിനസ് സംരംഭമായാണ് കാണുന്നത് എന്നാണ് കാതറീൻ പറയുന്നത്. തനിക്ക് വിദേശത്തേയ്ക്ക് യാത്ര ചെയ്യാം, സിനിമയിൽ അഭിനയിക്കാം എന്നതിന് പുറമെ ഒരു ബോണസ് കൂടി. അത്രയേ ഉള്ളൂ – കാതറീൻ വിശദീകരിക്കുന്നു. ജീവിതത്തിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് താൻ ഒരു അഭിസാരികയൊന്നുമാവില്ല. ഒരു തവണ ഒരു നല്ല ഫോട്ടോ എടുക്കുന്നയാൾ ഒരു നല്ല ഫോട്ടോഗ്രാഫർ ആകുമോ? കാതറീൻ ചോദിക്കുന്നു.