ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ‘ദ ബ്രോക്കണ്‍ റിപ്പബ്ലിക്’, വാക്കിംഗ് വിത്ത് ദ കോംറേഡ്സ് ‘ എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ കയറി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. ദല്‍ഹി ഹാബിറ്റാറ്റ് സെന്ററിലാണ് സംഭവം നടന്നത്. ‘അരുന്ധതി മുര്‍ദാബാദ്, ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ വേദിയിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചത്. ഇതോടെ അവിടെ കൂടിയിരുന്നവര്‍ അരുന്ധതിയെ അനുകൂലിച്ചും മുദ്രവാക്യങ്ങള്‍ വിളിച്ചു.
ദരിദ്രരുടെ ഭൂമിയുടെ കോളനിവത്കരണം എന്നത് രാജ്യത്ത് നടന്നു വരുന്ന ഇനിയും പുറത്ത് വരാത്ത ആഭ്യന്തര യുദ്ധം തന്നെയാണെന്നും ജനാധിപത്യത്തിന്റെ വെറും അനുഷ്ഠാനങ്ങള്‍ മാത്രമാണ് നാം ഇപ്പോള്‍ ഇന്ത്യില്‍ കാണുന്നതെന്നും, വരേണ്യ വര്‍ഗത്തിന് ഞാന്‍ പുസ്തകം വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദാന്തേവാഡയിലെ ആദിവാസി ജീവിതത്തിന്റെ പൊള്ളുന്ന വര്‍ത്തമാനം അവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും അരുന്ധതി റോയ് വ്യക്തമാക്കി.
രാജ്യത്തെ ജനാധിപത്യം ചിലയിടങ്ങളില്‍ മാത്രം പരിമിതമാണെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ അമിത് ഭാദുരി അഭിപ്രായപ്പെട്ടു.
- ഫൈസല്‍ ബാവ