മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരു ഹിന്ദു സന്യാസിനിയായ സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍ അറസ്റ്റിലായതോടെ നിരവധി ആര്‍. എസ്. എസ്. നേതാക്കള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശിലെ മക്ക മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ എന്ന് തുടങ്ങി ഇപ്പോള്‍ അവസാനമായി സംജൌത്ത എക്സ്പ്രസ് തീവണ്ടിയിലെ സ്ഫോടനവും കൂടി ആയതോടെ പട്ടിക നീളുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വിട്ടു കിടക്കുന്ന കണ്ണികള്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞാല്‍ ലഭിക്കുന്ന ചിത്രം എന്തായിരിക്കും എന്ന ചിന്ത ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. തീവ്രവാദത്തിനു മതമില്ലെങ്കിലും, ഈ തീവ്രവാദി ആക്രമണങ്ങളില്‍ പോലീസ് അന്വേഷണത്തിന് വിധേയമായിട്ടുള്ളവര്‍ ഹിന്ദു മതക്കാര്‍ ആണെന്നതിന് പുറമേ ഇവര്‍ക്ക് സംഘടനയുമായി ഉള്ള അടുത്ത ബന്ധം കൂടിയാണ് രാഷ്ട്രീയ സ്വയം സേവക് സംഘത്തെ ആശങ്കയിലാക്കുന്നത്.
ആദ്യമൊക്കെ സാധ്വി പ്രഖ്യാ സിങ് ഠാക്കുറിനെ അനുകൂലിച്ച ആര്‍. എസ്. എസ്. പിന്നീട് മൌനം പാലിക്കുന്നതാണ് കണ്ടത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നേതൃത്വം തീവ്രവാദികളെ സംരക്ഷിക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഇത് സംബന്ധിച്ച് മൌനം പാലിക്കും എന്ന് എല്‍. കെ. അദ്വാനിയും രാജ് നാഥ് സിംഗും വ്യക്തമാക്കി. അജ്മീര്‍ സ്ഫോടനത്തില്‍ ആര്‍. എസ്. എസ്. പ്രചാരകന്‍ ദേവേന്ദ്ര ഗുപ്ത അറസ്റ്റിലായപ്പോള്‍ ഇതേ സംബന്ധിച്ച് ആരും ഒന്നും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ജനം ആര്‍. എസ്. എസിനെ ബന്ധപ്പെടുത്തുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യും എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണം.
അജ്മീര്‍ സ്ഫോടനത്തില്‍ അറസ്റ്റിലായ ദേവേന്ദ്ര ഗുപ്ത ജാര്‍ഖണ്ഡില്‍ ആര്‍. എസ്. എസ്. പ്രചാരകനായിരുന്നു. ഇത് ആര്‍. എസ്. എസിന് നിഷേധിക്കാന്‍ ആവുമായിരുന്നില്ല. മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്ത അജ്മീര്‍ സ്ഫോടനത്തില്‍ ഗുപ്ത അറസ്റ്റിലായത് ആര്‍. എസ്. എസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. മാത്രമല്ല, ഈ സ്ഫോടനത്തിനു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ 2007 മെയ് 17നു 16 പേര്‍ കൊല്ലപ്പെട്ട മക്ക പള്ളി സ്ഫോടനത്തിനു ഉപയോഗിച്ച സിം കാര്‍ഡുകളുടെ അതേ സീരീസില്‍ പെട്ടതായിരുന്നു. പഴയ ഹൈദരാബാദ് നഗരത്തില്‍ ചാര്മിനാറിനു അടുത്തുള്ള മക്ക മസ്ജിദ് സ്ഫോടനത്തില്‍ ബോംബ് പൊട്ടിക്കാന്‍ ടൈമര്‍ ആയി ഉപയോഗിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടൈമര്‍ ആയി ഉപയോഗിച്ചു തന്നെയാണ് 2007 ഒക്ടോബര്‍ 11ന് അജ്മീര്‍ സ്ഫോടനവും നടത്തിയത്. രണ്ടു സ്ഫോടനങ്ങള്‍ക്കും ഉപയോഗിച്ച സിം കാര്‍ഡുകള്‍ ജാര്‍ഖണ്ഡില്‍ നിന്നുമായിരുന്നു വാങ്ങിയത് എന്നും കൂടെ പോലീസ് കണ്ടെത്തിയതോടെ ഈ സ്ഫോടനങ്ങള്‍ക്കെല്ലാം ഒരു പൊതു സ്വഭാവവും ബന്ധവും കൈവന്നു. ഈ കണ്ണികള്‍ എല്ലാം ചേര്‍ത്ത് വായിക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിഞ്ഞാല്‍ ഇവിടെ പലതും ഇനി പഴയ പോലെയാവില്ല എന്ന് ഉറപ്പാണ്.
- ജെ.എസ്.