ന്യൂഡല്‍ഹി : പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ അനുമതി ഇല്ലാതെ നാര്‍കോ പരിശോധന, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് ടെസ്റ്റ് എന്നിവ നടത്തുന്നത് മൌലിക അവകാശത്തിന്റെ ലംഘനം ആണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാക്ഷികളുടെയോ പ്രതികളുടെയോ സമ്മതം ഇല്ലാതെ ഇത്തരം പരിശോധനകള്‍ നടത്താന്‍ ആവില്ല. കുറ്റാന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് വ്യാപകമായി കരുതപ്പെ ടുന്നുണ്ടെങ്കിലും വ്യക്തിയുടെ സ്വകാര്യതയും ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് കൊണ്ട് ഈ വിധി ഏറെ സ്വാഗതാര്‍ഹമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ തീവ്രവാദവും ഭീകര പ്രവര്‍ത്തനവും അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തപ്പെടുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏറെ സഹായകരമാണ് ഇത്തരം പരിശോധനകള്‍. പിടിയിലായ ഒരു ഭീകരനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കി അയാള്‍ എവിടെയാണ് ബോംബ് നിക്ഷേപിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായാല്‍ ആയിര കണക്കിന് നിരപരാധികളായ ആളുകളെ ബോംബ് സ്ഫോടനത്തില്‍ നിന്നും രക്ഷിക്കാനാവും. ഈ ഒരു സാധ്യതയാണ് സുപ്രീം കോടതി വിധിയോടെ ഇന്ത്യയില്‍ ഇല്ലാതാവുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ ഭയക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദേശീയ സുരക്ഷ, നിയമം