ഹൈദരാബാദ്: ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട് എക്‌സ്പ്രസില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ അമ്പതോളം പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈക്കു പോവുകയായിരുന്ന വണ്ടി പുലര്‍ച്ചെ 4.28ന് നെല്ലൂരിനും വിജയവാഡയ്ക്കും ഇടയിൽ എത്തിയപ്പോൾ ആയിരുന്നു അപകടം. അമ്പതോളം പേർ അപകടത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കത്തിക്കരിഞ്ഞ ബോഗിയില്‍ നിന്ന് ഇതു വരെ 25 മൃതദേഹങ്ങളാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുള്ളത്. ഗുരുതരമായ പരിക്കുകളുള്ള ആറു പേരടക്കം 20 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ നാലു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇവര്‍ പഞ്ചാബ് സ്വദേശികളാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
തീവണ്ടിയുടെ കക്കൂസിന് സമീപമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് നെല്ലൂര്‍ ജില്ലാ കലക്‌ടര്‍ ശ്രീധര്‍ അറിയിച്ചു. നക്സലേറ്റുകള്‍ക്ക് സ്വാധനീമുള്ള മേഖലയായാതിനാല്‍ അട്ടിമറി സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്: സെക്കന്ദരാബാദ് : 040-27786723, 27700868, വിജയവാഡ : 0866-2345863, 2345864, നെല്ലൂര്‍ : 0861-2331477, 2576924; ന്യൂഡല്‍ഹി : 011-23342954, 23341072, 23341074, ഹസ്രത്ത് നിസാമുദ്ദീൻ : 011-24359748.
- ഫൈസല്‍ ബാവ