ന്യൂഡൽഹി : ആത്മഹത്യ ചെയ്ത മുൻ എയർ ഹോസ്റ്റസ് ഗീതിക ശർമ്മയുടെ തൊഴിൽ കരാറിൽ ജോലി കഴിഞ്ഞാൽ മന്ത്രിയെ ചെന്നു കാണണം എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടായിരുന്നതായി വെളിപ്പെട്ടു. ഇത് തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ആണെന്ന ഗീതികയുടെ ആത്മഹത്യാ കുറിപ്പിന് ബലം നല്കുന്നു.
23 കാരിയായ ഗീതിക രണ്ടാഴ്ച്ച മുൻപാണ് ന്യൂഡൽഹിയിലെ സ്വവസതിയിൽ തൂങ്ങിമരിച്ചത്. 2006ൽ 17 വയസുള്ളപ്പോഴാണ് ഗീതിക ആദ്യമായി കാണ്ടയുടെ ഉടമസ്ഥതയിൽ ഉള്ള എം. ഡി. എൽ. ആർ. എന്ന വിമാന കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതേ വർഷം തന്നെ ഗീതിക ജോലി രാജി വെയ്ക്കാൻ തുനിഞ്ഞെങ്കിലും കമ്പനി ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു. 2009ൽ കമ്പനി പ്രവർത്തനം നിർത്തിയപ്പോൾ ഗീതിക ദുബായിൽ എത്തി എമിറേറ്റ്സിൽ ജോലിക്ക് പ്രവേശിച്ചു. എന്നാൽ വെറും 7 മാസത്തിനകം അവർ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തി കാണ്ടയുടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നു.
നിരന്തരം കാണ്ട ഗീതികയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഗീതികയുടെ കുടുംബം പറയുന്നത്. തന്റെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോയ ഗീതികയെ ഭീഷണിപ്പെടുത്തുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിനെ തുടർന്നാണ് ഗീതിക തിരികെ ഡൽഹിയിൽ വീണ്ടുമെത്തി കാണ്ടയുടെ കീഴിൽ വീണ്ടും ജോലി നോക്കിയത് എന്നും ഇവർ പറയുന്നു. ഈ ജോലിയുടെ കരാറിലാണ് ജോലി സമയത്തിന് ശേഷം കാണ്ടയെ ഗീതിക നേരിട്ട് വന്ന് കാണണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തൽ.
മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ഇപ്പോഴും ഒളിവിലാണ്. കാണ്ടയുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും ഗീതികയ്ക്ക് അയച്ച ഈമെയിലുകൾ എല്ലാം നീക്കം ചെയ്തിരിക്കുന്നതായി പോലീസ് കണ്ടെത്തി. ഗീതികയുടെ ലാപ് ടോപ്പിൽ നിന്നും എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, പീഡനം, വിമാനം, സ്ത്രീ