ജനമ നാടിന്റെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജനനായകന്‍ ടി. പി ചന്ദ്രശേഖരന്‍ വിടവാങ്ങി. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ വന്നവര്‍ സഖാവിന്റെ തിരിച്ചറിയുവാന്‍ പോലും കഴിയാത്ത മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി. മുഖം തിരിച്ചറിയാനാകാത്ത വിധം വെട്ടിനുറുക്കിക്കൊണ്ട് നിഷ്ഠൂരമായിട്ടായിരുന്നു വെള്ളിയാഴ്ച രാത്രി ഒരു സംഘം അക്രമികള്‍ ടി. പി ചന്ദ്രശേഖരനെ വകവരുത്തിയത്. ഒരു പക്ഷെ കൊലപാതകികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരിക്കാം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോര്‍സ്റ്റുമോര്‍ട്ടം നടത്തിയ ശേഷം 3.30 തോടെയാണ് പൊതു ദര്‍ശനത്തിനു വച്ചത്. കോഴിക്കോട്ടും വടകരയിലും ഓര്‍ക്കാട്ടേരിയിലും പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ ചെങ്കൊടി പുതച്ച് കിടത്തിയ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത് ആയിരങ്ങളായിരുന്നു. അവരില്‍ മുഖ്യമന്ത്രിയും കെ. പി. സി. സി പ്രസിഡണ്ടും ഉള്‍പ്പെടെ യു. ഡി. എഫ് മന്ത്രിമാരും നേതാക്കന്മാരുമായ പലരും ഉണ്ടായിരുന്നെങ്കിലും സി. പി. എമ്മിലെ പ്രമുഖര്‍ വിട്ടു നിന്നു. എന്നാല്‍ വി. എസ് അച്യുതാനന്ദന്റേയും, സൈമണ്‍ ബ്രിട്ടോയുടെയും സാന്നിധ്യം വേറിട്ടു നിന്നു. പ്രിയ സഖാവിന് അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ സൈമണ്‍ ബ്രിട്ടോ വികാരാധീനനായി പൊട്ടിക്കരഞ്ഞു.
പാര്‍ട്ടിയിലെ ആശയ സമരത്തില്‍ല്‍ വി. എസിനൊപ്പം നിന്നവരായിരുന്നു ചന്ദ്രശേഖരനും കൂട്ടരും. ഒടുവില്‍ ഭിന്നത രൂക്ഷമായതോടെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന സംഘടന രൂപീകരിച്ച് ടി. പി ചന്ദ്രശേഖരന്‍ കേരള രാഷ്ടീയത്തില്‍ പുതിയ ഒരു ചരിത്രം കുറിച്ചത്. ഓര്‍ക്കാട്ടേരിയിലെ വീട്ടുവളപ്പില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ടി. പിയുടെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. അനേകം വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയ ഒഞ്ചിയത്ത് ഒരു വിപ്ലവകാരിക്കെന്നും അഭിമാനിക്കാവും വിധത്തില്‍ ആദര്‍ശത്തെ അടിയറവക്കാതെ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെയാണ് ടി. പി ചന്ദ്രശേഖരന്‍ വിടപറഞ്ഞത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, ദുരന്തം