നെടുമ്പാശ്ശേരി: പര്‍ദക്കുള്ളില്‍ 20 കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നും സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി ആസിഫ്, തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശിനി ആരിഫ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പര്‍ദക്കുള്ളില്‍ ജാക്കറ്റില്‍ വിദഗ്ദ്ധമായി സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു . ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ വിമാനയാത്ര നടത്തിയത്. പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സംശയം തൊന്നിയതിനെ തുടര്‍ന്ന് വീണ്ടും പരിശോധിക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുടെ കാരിയര്‍ മാരാണൊ ഇവര്‍ എന്നും സംശയമുണ്ട്. ഷൂസിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചും സ്വര്‍ണ്ണം കള്ളക്കടത്ത് നടത്താറുണ്ടെങ്കിലും പര്‍ദയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ സ്തീകള്‍ അടുത്ത കാലത്തൊന്നും പിടിയിലായിട്ടില്ല. അറസ്റ്റിലായവരെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്.
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിച്ചതോടെ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവരാണ് പിടികൂടപ്പെട്ടവരില്‍ അധികവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാഴ്ചക്കിടെ ഏഴു പേരില്‍ നിന്നും ഏഴരക്കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. ഇതില്‍ ഒരു സംഘം ടോര്‍ച്ചിലെ ബാറ്ററിക്കുള്ളില്‍ ഈയ്യത്തില്‍ പൊതിഞ്ഞ നിലയിലാണ് കൊണ്ടു വന്നിരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, പ്രവാസി, സ്ത്രീ