
കോഴിക്കോട്: പാരമ്പര്യ നെൽവിത്തുകളുടെയും നാടൻ കാർഷിക സംസ്കാരത്തിന്റെയും കാവലാളായ പത്മശ്രീ ചെറുവയൽ രാമൻ (74) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. വയനാട് മാനന്തവാടിക്കടുത്ത് കമ്മനയിലെ ചെറുവയൽ തറവാട്ടിൽ ജീവിച്ച്, അമ്പതിലേറെ പാരമ്പര്യ നെൽവിത്തുകൾ സ്വന്തം പ്രയത്നത്താൽ സംരക്ഷിച്ചു പോന്ന അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ പരിസ്ഥിതി-കാർഷിക മേഖലയ്ക്കും ജൈവവൈവിധ്യ സംരക്ഷണ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്.
വാണിജ്യാടിസ്ഥാനത്തിലുള്ള രാസകൃഷിയും ഹൈബ്രിഡ് വിത്തുകളും പാടങ്ങൾ കൈയടക്കിയ കാലത്തും പൂർവികർ കൈമാറിയ നാടൻ നെല്ലിനങ്ങളെ ജീവനോടെ നിലനിർത്താൻ പോരാടിയ അസാധാരണ വ്യക്തിത്വമായിരുന്നു ചെറുവയൽ രാമന്റേത്. കനകം, ചെമ്പകം, തൊണ്ടി, ചോമാല, ഗന്ധകശാല തുടങ്ങി കേട്ടറിവു മാത്രം ബാക്കിയായ അത്യപൂർവ്വ പൈതൃക നെൽവിത്തുകൾ അദ്ദേഹം തന്റെ മൂന്നേക്കർ പാടത്ത് ജൈവരീതിയിൽ കൃഷി ചെയ്തു സംരക്ഷിച്ചുപോന്നു. “വിത്ത് വിൽക്കാനുള്ള ചരക്കല്ല, കൈമാറാനുള്ള സ്നേഹമാണ്” എന്നതായിരുന്നു അദ്ദേഹത്തിന്റെ കാർഷിക തത്ത്വശാസ്ത്രം. ആർക്കും അദ്ദേഹം വിത്തുകൾ സൗജന്യമായി നൽകിയിരുന്നെങ്കിലും, കൊയ്ത്തു കഴിയുമ്പോൾ ഇതേ അളവിൽ വിത്ത് തിരികെ നൽകി കൃഷി തുടരണമെന്ന നിബന്ധന മാത്രമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്.
പത്താം വയസ്സിൽ അമ്മാവന്റെ കൂടെ പാടത്തിറങ്ങിയ അദ്ദേഹം കുറിച്ച്യ സമുദായത്തിന്റെ പാരമ്പര്യ കാർഷിക അറിവുകൾ നെഞ്ചിലേറ്റി ജീവിക്കുകയായിരുന്നു. വയനാടൻ കാർഷിക സംസ്കാരത്തെയും ജൈവവൈവിധ്യത്തെയും ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹത്തിന് സാധിച്ചു. 2011-ൽ ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തിലും 2018-ൽ ബ്രസീലിൽ നടന്ന ഗ്ലോബൽ ട്രൈബൽ കോൺഗ്രസിലും അദ്ദേഹം ഇന്ത്യൻ കർഷകരെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
പാരമ്പര്യ വിത്തു സംരക്ഷണത്തിനും കാർഷിക മേഖലയ്ക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കും മുൻനിർത്തി 2023-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

കൂടാതെ നാഷണൽ ജീനോം സേവിയർ അവാർഡ്, കേരള സർക്കാരിന്റെ ഗ്രീൻ അവാർഡ് തുടങ്ങി നിരവധിയായ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2025-ൽ കേരള കാർഷിക സർവകലാശാല അദ്ദേഹത്തിന് ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ പദവി നൽകിയും ആദരിച്ചിരുന്നു.

മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന പ്രകൃതിസ്നേഹിയായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക-പരിസ്ഥിതി പ്രവർത്തകർ അനുശോചിച്ചു. മൃതദേഹം കമ്മന നവോദയം സ്കൂളിലെ പൊതുദർശനത്തിന് ശേഷം കൊടുമയിലെ സമുദായ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഭാര്യ: ഗീത, മക്കൾ: രമണി, രമേശൻ (എടവക ഗ്രാമപ്പഞ്ചായത്തംഗം), രാജേഷ്, രജിത.
- ജെ.എസ്.




























