പാലക്കാട് : ജില്ലയിലുടനീളം 5 ലക്ഷത്തിൽ അധികം തണൽ മരങ്ങളും ഫല വൃക്ഷങ്ങളും നട്ടു പിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
മരം നട്ടുപിടിപ്പിക്കല്‍ ജീവിത വ്രതമാക്കി മാറ്റിയ ഈ പരിസ്ഥിതി പ്രവർത്തകൻ തരിശു ഭൂമിയായി കിടന്ന നൂറ് ഏക്കറോളം കുന്നിന്‍ പ്രദേശം വർഷങ്ങൾ നീണ്ട പ്രയത്നം കൊണ്ട് മരങ്ങള്‍ വെച്ചു പിടിപ്പിച്ച് ഹരിതാഭമാക്കി.
പാലക്കാട് കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, വേപ്പ്, ഞാവൽ, പന, മുള, ഉങ്ങ് തുടങ്ങി 25 ലക്ഷത്തോളം തൈകൾ കല്ലൂർ ബാലൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്. മലയിലെ പാറകള്‍ക്ക് ഇടയില്‍ കുഴികൾ തീര്‍ത്ത് പക്ഷികൾക്കും മറ്റു ജീവ ജാല ങ്ങൾക്കും ദാഹ ജലം നൽകി. വേനൽക്കാലത്ത് കാട്ടിലെ വന്യ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി വന്നിരുന്നു.
പാലക്കാട് മാങ്കുറുശ്ശി കല്ലൂർ മുച്ചേരി സ്വദേശിയായ ബാലൻ്റെ സ്ഥിരം വേഷം പച്ച ഷര്‍ട്ടും പച്ച ലുങ്കിയും തലയി ലൊരു പച്ച ബാന്‍ഡും ആയിരുന്നു. അത് കൊണ്ട് തന്നെ ഏത് ആൾ കൂട്ടത്തിലും ബാലൻ വേറിട്ടു നിന്നിരുന്നു.
വനം മിത്ര, കേരള മിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമി മിത്ര തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, ചരമം, പരിസ്ഥിതി, സാമൂഹികം