കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തു. നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം.
പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുള്ള കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനക്കു വേണ്ടി പൂനെയിലേക്ക് അയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ നിലവില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണം എന്നും നിർദ്ദേശമുണ്ട്.
മലപ്പുറത്ത് നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പ്പട്ടികയിലുള്ള രണ്ടു പേര്‍ക്ക് പനി ഉള്ള തായും 63 പേരെ ഹൈ റിസ്‌ക് പട്ടിക യില്‍ ഉള്‍പ്പെടുത്തിയതായും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് അവലോകന യോഗ ത്തിന് ശേഷ മായിരുന്നു മന്ത്രിയുടെ പ്രതികരണം.
നിപ്പാ ബാധിച്ച കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റി ബോഡി മരുന്നും പൂനെയില്‍ നിന്ന് പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടു മുമ്പ് ഹൃദയാഘാതമുണ്ടായി. രക്ത സമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടര്‍ന്ന് മരണം സംഭവിച്ചു.
പാണ്ടിക്കാട്, ആനക്കയം പ്രദേശത്തെ മുഴുവന്‍ വീടുകളിലും ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തും. ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, ചരമം, ദുരന്തം, പരിസ്ഥിതി, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം