തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ഇന്ന് വൈകീട്ട് തിരുവനന്തപുരം ശംഖ് മുഖം കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ പുതിയ രാഷ്ടീയ പാര്‍ട്ടിയുടെ പ്രഖ്യാപനം വെള്ളാപ്പള്ളി നടേശന്‍ നടത്തും. മൂന്നോളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭാരതീയ ധര്‍മ സേന എന്ന പേരാകും പുതിയ പാര്‍ട്ടിക്ക് നല്‍കുക എന്നാണ് സൂചന. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. നേതൃസ്ഥാനത്ത് വെള്ളാപ്പള്ളിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു കാത്തിരുന്ന് കാണാമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പാര്‍ട്ടി അംഗത്വം എടുക്കണം പിന്നീടാണ് സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുക.
700-ഓളം പേര്‍ക്കിരിക്കാവുന്ന വലിയ വേദിയും അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സദസ്സും ഉള്‍പ്പെടെ സമാപന സമ്മേളനത്തിനു വിപുലമായ ഒരുക്കങ്ങളാണ് ശംഖ് മുഖത്ത് ഒരുക്കിയിരിക്കുന്നത്. സമാപന സമ്മേളനത്തില്‍ നിന്നും ജി.മാധവന്‍ നായര്‍ വിട്ടു നില്‍ക്കും. ഒഴിച്ചു കൂടാനാകാത്ത ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ ദില്ലിക്കു പോകുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സമത്വ മുന്നേറ്റയാത്രയുടെ സമാപന ചടങ്ങില്‍ പ്രഖ്യാപിക്കുന്ന രാഷ്ടീയ പാര്‍ട്ടിയോട് യോജിപ്പില്ലാത്തതിനാലാണ് അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്ന അഭ്യൂഹവും ഉണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം