തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.
താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.
ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, മതം, വിവാദം, സ്ത്രീ