തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ദുരന്തമാകുമായിരുന്ന വിമാന കൂട്ടിയിടി നേരിയ വ്യത്യാസത്തില്‍ ഒഴിവായി. എമിറേറ്റ്‌സ് വിമാന കമ്പനിയുടെ ദുബായ് വിമാനവും ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനവുമാണ് മുഖാമുഖം റണ്‍വേയില്‍ കണ്ടത്. ശ്രീലങ്കന്‍ എയര്‍വേയ്‌സ് പൈലറ്റിന്റെ അവസരോചിതമായ തീരുമാനമാണ് അപകടം ഒഴിവാക്കിയത്. സിഗ്നല്‍ നല്‍കിയതിലെ പാളിച്ചയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ കാരണം. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കു പോകാനൊരുങ്ങുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന് എ.ടി.സി. സ്‌റ്റാര്‍ട്ട് അപ്പ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്11.11 ന് 286 യാത്രക്കാരുമായി വിമാനം റണ്‍വേയിലെത്തി പൊങ്ങാനൊരുങ്ങുകയായിരുന്നു. ഇതേ സമയത്ത് തന്നെ 146 യാത്രക്കാരുമായി ശ്രീലങ്കന്‍ എയര്‍വെയ്‌സ് വിമാനം ലാന്‍ഡിംഗിനായെത്തി. എന്നാല്‍ റണ്‍വെയില്‍ മറ്റൊരു വിമാനം കണ്ടതിനെതുടര്‍ന്ന് അരമണിക്കൂറിനുശേഷമേ ഇറങ്ങുകയുളളൂവെന്ന സന്ദേശം ശ്രീലങ്കന്‍ പൈലറ്റ് യാത്രക്കാര്‍ക്കു നല്‍കി ലങ്കന്‍ വിമാനം ലാന്‍ഡ് ചെയ്യാതെ ഉയര്‍ന്നു പൊങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ എയര്‍ട്രാഫിക് സര്‍വീസ് ജോയിന്റ് ജി.എം. ഷിബു റോബര്‍ട്ടിന് ഡി.ജി.സി.എ. (ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിര്‍ദേശംനല്‍കി. രണ്ടുദിവസത്തിനുശേഷം ചെന്നൈയില്‍നിന്ന് ഉദ്യോഗസ്‌ഥര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പരിശോധന നടത്തും. സംഭവത്തിന് ഉത്തരവാദിയായ എയര്‍ട്രാഫിക് കണ്‍ട്രോളറെ മാറ്റാന്‍ സാധ്യതയുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ദുരന്തം, വിമാന സര്‍വീസ്