ടെഹ്‌റാന്‍ : ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിനു പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇതിനു തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇറാന്‍ അറിയിച്ചു. കാന്തശക്തി ഉപയോഗിച്ച് ശാസ്ത്രജ്ഞന്‍ സഞ്ചരിച്ച കാറിന്റെ വാതിലില്‍ ബോംബ് ഒട്ടിച്ചു വെക്കുകയായിരുന്നു. ബോംബ് സ്ഫോടനത്തില്‍ 32 കാരനായ ആണവ ശാസ്ത്രജ്ഞന്‍ മുസ്തഫ അഹമ്മദി റോഷനും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ഈ വധത്തിന്റെ ആസൂത്രണവും സഹായവും ചെയ്തത് അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. ആണെന്ന് ഇറാന്റെ വിദേശ കാര്യ മന്ത്രാലയം ഇറാനിലെ സ്വിസ്സ് അംബാസഡര്‍ക്ക് കൈമാറിയ എഴുത്തില്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാനില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വിസ്സ് എംബസിയാണ്.
ഇറാന്റെ ശത്രുക്കളായ അമേരിക്കയും ബ്രിട്ടനും സയണിസ്റ്റ് ഭരണകൂടവും (ഇസ്രയേലിനെ ഇറാന്‍ ഇങ്ങനെയാണ് സംബോധന ചെയ്യുന്നത്) തങ്ങളുടെ ദുഷ്‌പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടി വരും എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്‍, കുറ്റകൃത്യം, തീവ്രവാദം