സിയോള്‍: അമേരിക്ക ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനം നടത്തിയാല്‍ തിരിച്ചടിയായി ആണവ യുദ്ധം പോലും തുടങ്ങാന്‍ തങ്ങള്‍ മടിക്കില്ല എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. സംയുക്ത സൈനിക പരിശീലനം തങ്ങള്‍ക്കു നേരെയുള്ള സൈനിക വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായി തന്നെ തങ്ങള്‍ പ്രതികരിക്കും. വേണ്ടി വന്നാല്‍ ഇതിനായി ആണവായുധങ്ങള്‍ പോലും പ്രയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ല. ഇതൊരു വിശുദ്ധ യുദ്ധമാണ് എന്നും ഉത്തര കൊറിയയുടെ ഉന്നത തല സൈനിക നേതൃത്വം അറിയിച്ചു.
അമേരിക്കയുടെ ആണവ യുദ്ധക്കപ്പലായ യു. എസ്. എസ്. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സംയുക്ത സൈനിക പരിശീലനത്തിനായി കൊറിയക്കടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ മുപ്പതിനായിരത്തോളം അമേരിക്കന്‍ സൈനികര്‍ ദക്ഷിണ കൊറിയയില്‍ സ്ഥിരമായി താവളം ഉറപ്പിച്ചിട്ടുമുണ്ട്. ഈ അമേരിക്കന്‍ ഭീഷണിയാണ് ഉത്തര കൊറിയ തങ്ങളുടെ ആണവ പരിപാടികള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഉത്തര കൊറിയ, യുദ്ധം