ന്യൂഡല്‍ഹി : ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ് കാമേറോണ്‍ തന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം ബാംഗളൂരില്‍ എത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മേലെ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങള്‍ ഇന്തോ ബ്രിട്ടീഷ് ബന്ധങ്ങളെ അടുത്തയിടെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്‍ താലിബാനു നേരെ ബ്രിട്ടന്‍ സ്വീകരിച്ച മൃദു സമീപനവും ഇന്ത്യക്ക് നീരസം ഉളവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
എന്നാല്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഒരു മുഖ്യ ഉദ്ദേശം ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്കും വ്യോമ സേനയ്ക്കും വില്‍ക്കുക എന്നതാവും എന്നാണ് സൂചന. ബ്രിട്ടീഷ് “ഹോക്ക്” പരിശീലന വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്നതിലൂടെ ഒരു ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് ബ്രിട്ടന്‍ ലക്‌ഷ്യമാക്കുന്നത്.
ഇതിനു പുറമേ ബ്രിട്ടീഷ് സര്‍വകലാ ശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം ലഭിക്കുവാനും, ബ്രിട്ടന്റെ പരിസ്ഥിതി സൌഹൃദ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് വില്‍ക്കാനും, ബ്രിട്ടീഷ് അടിസ്ഥാന സൌകര്യ വികസന കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനും ബ്രിട്ടീഷ് പ്രധാന മന്ത്രി ഈ സന്ദര്‍ശന വേളയില്‍ ശ്രമിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ബ്രിട്ടന്‍