ലണ്ടൻ: സേർൺ ഗവേഷണ കേന്ദ്രം 2012ൽ കണ്ടെത്തിയ ഹിഗ്ഗ്സ് ബോസൺ ആണവ കണത്തിന് പ്രപഞ്ചത്തെ നശിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് എന്ന് വിഖ്യാത ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് അഭിപ്രായപ്പെട്ടു. തന്റെ പുതിയ പുസ്തകമായ “സ്റ്റാർമസ്” ന്റെ ആമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ കാണപ്പെടുന്ന എല്ലാറ്റിനും രൂപവും വലിപ്പവും നൽകുന്നത് ദൈവ കണം എന്ന് ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഹിഗ്ഗ്സ് ബോസൺ കണമാണ്. അത്യന്തം ഉയർന്ന തോതിലുള്ള ഊർജ്ജത്തിന്റെ സാന്നിധ്യത്തിൽ ഹിഗ്ഗ്സ് ബോസൺ കണം അസ്ഥിരമാവും. ഇതിനെ തുടർന്ന് ഉണ്ടാവുന്ന ശൂന്യതാ ജീർണ്ണതയിൽ പ്രപഞ്ചം നശിച്ച് പോവും. സമ്പൂർണ്ണ ശൂന്യതയുടെ ഒരു ചെറിയ പോള പ്രകാശ വേഗത്തിൽ വ്യാപിച്ച് സ്ഥല കാലങ്ങളെ ആവാഹിച്ച് ഇല്ലാതാക്കും. ഇത് ഏത് നിമിഷവും സംഭവിക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമീപ ഭാവിയിൽ ഇത്തരമൊരു ദുരന്തത്തിനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളയുന്നുണ്ടെങ്കിലും ഹിഗ്ഗ്സ് ബോസൺ കണം ഉയർന്ന ഊർജ്ജത്തിന്റെ സാന്നിദ്ധ്യത്തിൽ അസ്ഥിരമാവാനുള്ള ആപൽ സാദ്ധ്യത അത് അവഗണിക്കാവുന്നതിലും അധികമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം