ടെഹ്റാൻ: ഫാറൽ വില്യംസിന്റെ ജനപ്രിയ ഗാനമായ “ഹാപ്പി” പുനരാവിഷ്കരിക്കുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ആറു പേരെ ഇറാനിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം വരെ തടവും 91 അടികളുമാണ് ശിക്ഷ. ടെഹ്റാൻ നഗരത്തിലെ തെരുവുകളിലും കെട്ടിടങ്ങളുടെ മുകളിലുമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ മൂന്ന് പുരുഷന്മാരും ശിരോവസ്ത്രം ധരിക്കാത്ത മൂന്ന് സ്ത്രീകളുമാണ് “ഹാപ്പി” എന്ന വിഖ്യാത ഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്തം ചവിട്ടുന്നത്. രാജ്യത്തെ ഇസ്ലാമിക നിയമം ലംഘിച്ചതിനാണ് ശിക്ഷ. സ്ത്രീ പുരുഷന്മാർ ഒരുമിച്ച് നൃത്തം ചെയ്യുന്നതും സ്ത്രീകൾ ശിരോവസ്ത്രം അണിയാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതും നിയമ വിരുദ്ധമാണ്.
ഫാറൽ വില്യംസിന്റെ ടെഹ്റാനിലെ ആരാധകർ നിർമ്മിച്ച വീഡിയോ ഇതിനോടകം 13 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ വീക്ഷിച്ചത്. ഇറാന്റെ നടപടിയിലുള്ള പ്രതിഷേധവും യൂട്യൂബിന്റെ കമന്റുകളിൽ നിറഞ്ഞു കാണാം.
ലോകമെമ്പാടും നിന്നും ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഇവരുടെ ശിക്ഷ മൂന്ന് വർഷത്തേക്ക് നടപ്പിലാക്കില്ല. കുറ്റകൃത്യം ആവർത്തിക്കരുത് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്, മനുഷ്യാവകാശം, സംഗീതം, സ്ത്രീ വിമോചനം