ഇസ്ലാമാബാദ്: നാറ്റോയുടെ ആക്രമണത്തില്‍ 28 സൈനികര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള സൈനിക സഹകരണ ബന്ധം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി ആവശ്യപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലെ ശംസി വ്യോമ സേനാതാവളത്തില്‍നിന്ന് 15 ദിവസത്തിനകം പിന്മാറാന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് അന്ത്യശാസനം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അമേരിക്കയുമായും നാറ്റോയുമായുള്ള സൈനിക ബന്ധം, ഇന്‍റലിജന്‍സ് സഹകരണം എന്നിവ പുനഃപരിശോധിക്കാന്‍ പാക് അധികൃതര്‍ ഉത്തരവിട്ടു. യൂസുഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിരോധ സമിതി യോഗത്തിലാണ് ഈ പുതിയ തീരുമാനം എടുത്തത്. രാജ്യത്തിന്‍റെ പരമാധികാരത്തേയും സൈനിക സുരക്ഷിതത്വത്തേയും ഹനിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. നാറ്റോയുടെ ആക്രമണത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം, പാക് സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ നാറ്റോ മേധാവി ആന്‍ഡേഴ്സ് ഫോഗ് റാസ്മുസ്സന്‍ ഖേദം പ്രകടിപ്പിച്ചു. അനിഷ്ട സംഭവത്തെ സംബന്ധിച്ച് അന്താരാഷ്ട്ര സേന അന്വേഷണം ആരംഭിച്ചതായി പാക് പ്രധാനമന്ത്രിക്കയച്ച കത്തില്‍ നാറ്റോ മേധാവി വ്യക്തമാക്കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, പാക്കിസ്ഥാന്, യുദ്ധം