ദുബായ് : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും ഈ മേഖലയില്‍ ആവര്‍ത്തിക്കുന്ന ഭൂചലനവും ആ പ്രദേശത്തെ ആകെ വന്‍ ഭീഷണിയില്‍ ആഴ്ത്തിയിരിക്കുന്നു. ജനങ്ങളുടെ ഭീതി അകറ്റാനും ലക്ഷക്കണക്കിന്ന് ആളുകളുടെ ജീവനും സ്വത്തിന്നും സംരക്ഷണം നല്‍കാനും കേന്ദ്ര സര്‍ക്കാറും പ്രധാന മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ സന്ദേശം അയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേരള – തമിഴ്നാട് തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ മുന്‍കൈ ആവശ്യമാണ്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലും അടിയന്തരമായി ഉണ്ടാകണം.
ഇക്കാര്യത്തിലും കേന്ദ്ര നിലപാട് പ്രധാനമാണ്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. ഡാമിന്റെ അപകട സ്ഥിതി കണക്കിലെടുത്ത് അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന വിദഗ്ദ്ധാഭിപ്രായം നടപ്പാക്കണമെങ്കില്‍ തമിഴ്നാടിന്റെ സമ്മതം ലഭിക്കണം. മുല്ലപ്പെരിയാര്‍ കേരള – തമിഴ്നാട് ജനതകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വിഷയമാകാന്‍ പാടില്ല. അതിനുള്ള ജാഗ്രത ഇരു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും കാണിക്കണം. തമിഴ്നാട്ടിലെ കൃഷിക്കും കുടിക്കാനും ആവശ്യമായ വെള്ളത്തിന് കുറവു വരാതെ, കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതുതായി മൂന്ന് വിള്ളല്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭ്രംശമേഖലയില്‍ ഒരു മാസത്തിനിടെ തുടര്‍ച്ചയായി 20 ഭൂചലനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഗൗരവ പൂര്‍ണമായി പ്രശ്നത്തെ സമീപിക്കാന്‍ തമിഴ്നാട് സര്‍ക്കാരും, സമവായത്തിന് കേന്ദ്ര സര്‍ക്കാരും മുന്നോട്ടു വരണമെന്ന് ദല ദുബായ് ആവശ്യപ്പെട്ടു.
അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദല