ദുബായ് : ഇത്തവണ ഓണം പ്രവാസി മലയാളികള്‍ ശരിക്കും ആഘോഷിക്കുകയാണ്. അവധി ദിവസമായ വെള്ളിയാഴ്ച തന്നെ തിരുവോണം വന്നത് പ്രവാസി ഓണത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകള്‍ വിപുലമായാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജാതി മത ഭേദമന്യേ കുടുംബമായി താമസിക്കുന്നവര്‍ മാത്രമല്ല ബാച്ചിലേഴ്സ് “റൂമുകളിലും” ഓണ സദ്യക്കുള്ള ഒരുക്കങ്ങള്‍ കാര്യമായി തന്നെ നടക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ ഭാഷ ദേശ വ്യത്യാസമില്ലാതെ നടത്തുന്ന ഓണാഘോഷം പ്രവാസ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്. സദ്യയൊരുക്കിയും കുടുംബാംഗങ്ങള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചും പാര്‍ക്കുകള്‍ ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തു കൂടിയും ഓണം ആഘോഷിക്കുന്നു.
വ്യാഴാഴ്ച കേരളത്തിലേതിനേക്കാള്‍ വലിയ ഉത്രാട പാച്ചിലായിരുന്നു ഗള്‍ഫിലും. വാഴയില മുതല്‍ ഓണ സദ്യക്ക് വേണ്ട സകല വിഭവങ്ങളും കടകളില്‍ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. വലിയ ഷോപ്പിങ്ങ് മാളുകളിലും സ്വര്‍ണ്ണക്കടകളിലും മലയാളികളുടെ വന്‍ തിരക്കാണ് വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. പൂക്കള മത്സരം, തിരുവാതിര കളി മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തി. തുടര്‍ന്ന് വരുന്ന അവധി ദിനങ്ങളില്‍ ഗള്‍ഫ് മേഘലയില്‍ പ്രവാസി സംഘടനകളുടേയും മറ്റു കൂട്ടായമകളുടേയും ഓണാഘോഷ പരിപാടികള്‍ ഉണ്ടാകും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റംസാന്‍ നോയമ്പിന്റെ ദിനങ്ങളിലായിരുന്നു ഓണം വരാറ്. എന്നാല്‍ ഇത്തവണ റംസാന്‍ കഴിഞ്ഞതിനു ശേഷമാണ് ഓണം. തിരുവോണം അവധി ദിവസമായ വെള്ളിയാഴ്ചയുമാണ്. അതിനാല്‍ പ്രവാസി മലയാളികള്‍ ഇത്തവണ ശരിക്കും ആഘോഷ ലഹരിയിലാണ്.
- ജെ.എസ്.