ദുബായ് : മാല്യങ്കര എസ്. എന്‍. എം. കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ സാഗയുടെ (SAGA – SNM College Alumni Global Association) ആദ്യ കുടുംബ സംഗമം ദുബായ് ദെയ്റയിലെ മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് നടന്നു. സാഗാ പ്രസിഡണ്ട് ശിവദാസ മേനോന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ച് സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനം കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സിനിമാ താരവുമായ സലിം കുമാര്‍ നിര്‍വഹിച്ചു.
സലിം കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
(കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക് ചെയ്യുക)
മുഖ്യ രക്ഷാധികാരി വേണു കെ. പി. ലോഗോ പ്രകാശനം ചെയ്തു. അക്കാഫ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ സാഗാ അംഗങ്ങളുടെ ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു. സംഘടനയുടെ വെബ് സൈറ്റായ www.snmcalumni.com ന്റെ ഉദ്ഘാടനം മുഖ്യാതിഥി സലിം കുമാര്‍ നിര്‍വഹിച്ചു.
തന്റെ പതിവ് ശൈലിയില്‍ മാല്യങ്കരയിലെ കലാലയ ജീവിതം അനുസ്മരിച്ചു സലിം കുമാര്‍ സംസാരിച്ചത് കേള്‍വിക്കാരെ വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് കൈ പിടിച്ചു കൊണ്ട് പോവുന്ന അനുഭവമായി. സിനിമയിലെ തന്റെ ചില ആദ്യ കാല അനുഭവങ്ങളും അദ്ദേഹം കോമഡിയില്‍ ചാലിച്ച് അവതരിപ്പിച്ചത് കാണികളെ കുടുകുടാ ചിരിപ്പിച്ചു.
സംഘടനയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ജനറല്‍ സെക്രട്ടറി അനൂപ് പ്രതാപ് തൈക്കൂട്ടത്തില്‍ വിശദീകരിച്ചു. ആഗോള തലത്തില്‍ ഒരു ബിസിനസ് സിരാ കേന്ദ്രമായ ദുബായില്‍ ഇത്തരമൊരു സംഘടന വിഭാവനം ചെയ്തത് കേവലമൊരു പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നതിലും വിശാലമായ വീക്ഷണത്തോടെയാണ്. ലോകമെമ്പാടുമുള്ള തങ്ങളുടെ അംഗങ്ങള്‍ക്ക് തമ്മില്‍ പ്രയോജനകരമായ ബിസിനസ് സഹകരണം സാദ്ധ്യമാക്കുക, തൊഴില്‍ രംഗത്തെ പരസ്പര സഹകരണം, അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ ആഗോള തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്ക് പുറമേ സംഘടന ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന 14 വിദ്യാര്‍ത്ഥികള്‍ക്ക് സംഘടന വര്ഷം തോറും കാഷ് അവാര്‍ഡുകള്‍ നല്‍കുന്നത് ഉള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.