ദുബൈ: ഇന്നലെ ശ്രിലങ്കയോട് എതിരിട്ടു ഇന്ത്യ നേടിയ ക്രിക്കറ്റ് ലോക കപ്പ് വിജയം ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഗംഭീരമായി ആഘോഷിച്ചു. അല്‍ ഖയില്‍ ഗേറ്റില്‍ രാത്രി 10.30 യോടെ ജാഥയായി നീങ്ങിയ ഇന്ത്യന്‍ ആരാധകര്‍ മധുരം വിതരണം ചെയ്‌തും ആര്‍പ്പു വിളികളുമായിട്ടായിരുന്നു ആഘോഷിച്ചത്. ആളുകള്‍ ത്രിവര്‍ണ പതാകയും ബലൂണുകളുമായി തെരുവിലിറങ്ങി. ഇതോടെ ഇവിടെ ഗതാഗത സ്‌തംഭനമുണ്ടായി.ഒഴിഞ്ഞ വെള്ളകുപ്പികളിലും പാട്ടകളിലും അടിച്ച് ആര്‍പ്പുവിളിക്കുന്നവരും, നിറഞ്ഞ പെപ്സി കുപ്പികള്‍ ചീറ്റിച്ച് ആഹ്ലാദം പങ്കു വയ്ക്കുന്നവരും സംഘത്തില്‍ ഉണ്ടായിരുന്നു. മലയാളികളും ഉത്തരേന്ത്യക്കാരുമായിരുന്നു ഇതിന് മുന്നില്‍. ആഘോഷം രാത്രി വൈകുവോളം നീണ്ടുനിന്നു.
യു.എ.ഇ യില്‍ ഇതിനു മുമ്പ് ഇന്ത്യക്കാരുടെ ഇത്രെയും വലിയ ഒരു ആഹ്ലാദ പ്രകടനം കണ്ടിട്ടില്ല എന്ന് കാണികളില്‍ പലരും അഭിപ്രായപ്പെട്ടു. മുന്‍പെങ്ങും ഇല്ലാത്ത വിധം കാറിനു മുകളില്‍ വരെ കയറി പ്രകടനം നടത്തിയായിരുന്നു ഇന്ത്യക്കാരുടെ ആഘോഷ പ്രകടനങ്ങള്‍. മുഖത്ത് ഇന്ത്യന്‍ പാതക വരച്ചും റോഡുകളില്‍ വര്‍ണ്ണ കടലാസുകള്‍ വിതറിയും ആരാധകര്‍ ആഘോഷിച്ചപ്പോള്‍ ഏപ്രില്‍ 2 ന് യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ 2 നോട് സാമ്യം തോന്നി. ഇതിനിടയില്‍ കൂടി വാഹനങ്ങള്‍ കടത്തി കൊണ്ടു പോകാന്‍ മറ്റു രാജ്യക്കാരായ ചില സ്ഥല വാസികള്‍ക്ക് തടസ്സം നേരിട്ടപ്പോള്‍ നേരിയ സംഘര്‍ഷം ഉണ്ടായി എങ്കിലും പ്രത്യേകിച്ച് വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ പ്രകടനക്കാര്‍ വഴി മാറി കൊടുത്തു.
ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം അവധി എടുത്തു കളി കാണാന്‍ ടെലിവിഷന് മുന്നില്‍ എത്തിയിരുന്നു. സാധാരണയായി ക്രിക്കെറ്റ് കാണാത്ത പല ഇന്ത്യാക്കാരും ഈ ലോക കപ്പില്‍ ഇന്ത്യ മുത്തമിടുമോ എന്നറിയാന്‍ ആകാംക്ഷയോടെ കളി കണ്ടിരുന്നു. പൊതു വീതികളെല്ലാം ഏറെക്കുറെ വിജനമായിരുന്നു. വലിയ സ്ക്രീനില്‍ കൂട്ടുകാരുമൊത്ത് കളി കാണുവാന്‍ ഒത്തു കൂടിയവര്‍ അനവധിയായിരുന്നു.