മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റില്‍ ആയ ഹിന്ദു സന്യാസിനി സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ക്ക് എതിരെ പ്രത്യേക കോടതി മുന്‍പാകെ മഹാരാഷ്ട്രാ പോലീസ് കുറ്റ പത്രം സമര്‍പ്പിക്കും. കേസില്‍ പ്രതികള്‍ ആയ പതിനൊന്ന് പേരുടേയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഈ കേസ് ഇത്തരം ഒരു വഴിത്തിരിവില്‍ എത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹം ആയ ഒരു പങ്ക് തന്നെ വഹിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മുംബൈ ഭീകര ആക്രമണത്തെ ഉപയോഗിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത് ഏറെ വിവാദവും ആയിരുന്നു.
പ്രതികളുടെ കുറ്റസമ്മതം ആണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ പ്രതികള്‍ക്ക് എതിരെ ഉള്ളത്. കൂടാതെ സാധ്വിയുമായി ഗൂഡാലോചനയുടെ മുഖ്യ സൂത്രധാരന്‍ ആയ രാംജി കല്‍സംഗര നടത്തിയ സംഭാഷണത്തിന്റെ ദൃക്‌സാക്ഷിയും. അഭിനവ് ഭാരത് എന്ന സംഘടനയുടെ ഖജാന്‍ജി അജയ് രാഹിര്‍ക്കര്‍ സ്ഫോടനത്തിന് വേണ്ടി 10 ലക്ഷം രൂപ നല്‍കിയതിന്റെ സാക്ഷി മൊഴിയും പോലീസിന്റെ പക്കല്‍ ഉണ്ട്. എന്നാല്‍ ബോംബ് നിര്‍മ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തവരെ ഇനിയും പോലീസിന് പിടി കൂടാന്‍ കഴിയാത്തത് കേസിനെ കോടതിക്ക് മുന്‍പാകെ ദുര്‍ബലപ്പെടുത്തും എന്നാണ് വിദഗ്ധ അഭിപ്രായം. ഇതിന് പുറമെ കേസിലെ മുഖ്യ പ്രതിയായ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ഇതു വരെ കുറ്റ സമ്മതം നടത്തിയിട്ടുമില്ല.
- ജെ.എസ്.