ന്യൂഡല്‍ഹി : ഈജിഷ്യന്‍ പ്രസിഡണ്ട് ഹോസ്നി മുബാറക്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ ആഭ്യന്തര കലാപമായി മാറിയതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിക്കുന്നു. എണ്ണ ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രമായ പശ്ചിമേഷ്യയില്‍ സംജാതമായ സംഘര്‍ഷാവസ്ഥ മൂലം പല രാജ്യങ്ങളും മുന്‍ കരുതലെന്നോണം തങ്ങളുടെ എണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ എണ്ണ വില കുത്തനെ വര്‍ദ്ധിച്ചു. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഈജിപ്തുമായി എണ്ണ വ്യാപാരം നടത്തുന്നുണ്ട്. പുതിയ സംഭവ വികാസങ്ങള്‍ വ്യാപാരത്തെ സാരമായി ബാധിക്കും എന്ന് കരുതപ്പെടുന്നു.
പെട്രോളിന്റെ വില നിലവാരം നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ക്രൂഡോയിലിന്റെ വില വര്‍ദ്ധനവ് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. ആഗോള വിപണിയില്‍ എണ്ണയുടെ വില വര്‍ദ്ധനയ്ക്കനുസരിച്ച് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ഉയര്‍ത്തുവാന്‍ സാധ്യതയുണ്ട്. പെട്രോളിന്റെ വിലയില്‍ ഉണ്ടാകുന്ന അനിശ്ചിതത്വം പൊതു വിപണിയില്‍ പെട്ടെന്ന് പ്രതിഫലിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ആയിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. പെട്രോളിയം വില വര്‍ദ്ധനവിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ പലതിനും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, സാമ്പത്തികം