ഗാന്ധിനഗര്‍: അമേരിക്ക സന്ദര്‍ശിക്കുവാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് യു.എസ്.കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ക്ഷണം.
അമേരിക്കയില്‍ നിന്നുള്ള വ്യവസായികളോടൊപ്പം ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയ 18 അംഗ സംഘമാണ് മോഡിയെ ക്ഷണിച്ചത്. ഇല്യനോയ്സില്‍
നിന്നുമുള്ള റിപ്പബ്ലിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം മോഡിയുടെ ഔദ്യോഗിക വസതില്‍ വച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. താന്‍ കൊണ്ടുവന്ന വികസനങ്ങളെ കുറിച്ച് മോഡി സംഘത്തോട് വിശദീകരിച്ചു. ഇവരുടെ ക്ഷണം മോഡി സ്വീകരിച്ചതായാണ് സൂചന.
ഗുജറാത്തില്‍ നരേന്ദ്ര മോഡി കൊണ്ടു വന്ന വികസനങ്ങള്‍ തങ്ങളെ ഏറെ ആകര്‍ഷിച്ചതായി സംഘം മാധ്യമങ്ങളൊട് പറഞ്ഞു. ഗുജറാത്തിലെ നിക്ഷേപ സൌഹൃദ അന്തരീക്ഷത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അമേരിക്കന്‍ ജനതയ്ക്ക് താല്പര്യമുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. 2002 ലെ കലാപത്തെ തുടര്‍ന്ന് മോഡിക്ക് അമേരിക്ക വിസ നല്‍കുവാന്‍ തയ്യാറായിരിന്നില്ല. മോഡിക്ക് വിസ ലഭിക്കുന്നതിനായി സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.തുടര്‍ച്ചയായി മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി വലിയ തോതില്‍ ഉള്ള വികസനമാണ് ഗുജറാത്തില്‍ കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും അമേരിയിലേയും നല്ലൊരു വിഭാഗം വ്യവസായികള്‍ മോഡിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വ്യവസായം