ചരിത്രത്തില്‍ ആദ്യമായി കുവൈറ്റിലെ ജനങ്ങള്‍ വനിതകളെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഒട്ടേറെ ഇസ്ലാമിക മൌലിക വാദികളെ തിരസ്ക്കരിക്കുക കൂടി ചെയ്ത ഈ തെരഞ്ഞെടുപ്പിലൂടെ കുവൈറ്റിലെ ഏറെ കാലമായി നില നിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2005ല്‍ തന്നെ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു എങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു വനിതക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മിനിഞ്ഞാന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ വിജയിച്ചതായി ഇന്നലെ വൈകീട്ട് ടെലിവിഷനിലൂടെ നടന്ന ഫല പ്രഖ്യാപനത്തില്‍ അറിയിച്ചു.
ഗള്‍ഫില്‍ ജനാധിപത്യ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് കുവൈറ്റ്. ഏറെ അധികാരങ്ങള്‍ നിക്ഷിപ്തമായ തെരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റ് ഇവിടെ നിലവില്‍ ഉണ്ടെങ്കിലും കാബിനറ്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴും പരമാധികാരം കയ്യാളുന്ന രാജ കുടുംബം തന്നെയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സ്ത്രീ വിമോചനം