അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം വക വെക്കാതെ ഉത്തര കൊറിയ മറ്റൊരു അണു പരീക്ഷണം കൂടി വിജയകരമായി പൂര്‍ത്തി ആക്കിയതായി പ്രഖ്യാപിച്ചു. കൊറിയന്‍ കേന്ദ്ര വാര്‍ത്താ ഏജന്‍സി ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആണവായുധ ശക്തി കൈവരിച്ച് തങ്ങളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗം ആണ് ഈ പരീക്ഷണം എന്ന് കൊറിയ വ്യക്തമാക്കി. 2000 ഒക്ടോബര്‍ 9ന് നടത്തിയതിലും ശക്തമായ സ്ഫോടനം ആയിരുന്നു ഇത്തവണത്തേത്. ഏപ്രില്‍ 5ന് ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ഐക്യ രാഷ്ട്ര സഭ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച നടപടിക്ക് തങ്ങള്‍ മറ്റൊരു അണു പരീക്ഷണം തന്നെ നടത്തി പ്രതിഷേധിക്കും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ആ ഭീഷണിയാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
2006ലെ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്കെതിരെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും എല്ലാ ആണവ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വാര്‍ത്താ കുറിപ്പില്‍ പരീക്ഷണം നടത്തിയ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദക്ഷിണ കൊറിയയില്‍ ഇന്ന് രാവിലെ അനുഭവപ്പെട്ട 4.5 അളവിലുള്ള ഭൂ ചലനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനം മുന്‍പ് ഉത്തര കൊറിയ പരീക്ഷണം നടത്തിയ കില്‍ജു എന്ന പ്രദേശത്ത് തന്നെയാണ് ഇത്തവണയും പരീക്ഷണം നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ജപ്പാന്‍, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങള്‍ ഈ പരീക്ഷണത്തെ അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തെ വെല്ലു വിളിക്കുന്ന ഈ നടപടി ആശങ്ക ഉളവാക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പ്രസ്താവിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം