ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി യാത്ര തിരിച്ച ചന്ദ്രയാന്‍ -1 ന് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. പേടകത്തിന്റെ ഒരു സെന്‍സറിന്റെ പ്രവര്‍ത്തനത്തിനാണ് തകരാറ്. എന്നാല്‍ ഈ ദൌത്യത്തിന്റെ പ്രാഥമികമായ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതിനാല്‍ ഈ തകരാറ് ചന്ദ്രയാന്‍ ദൌത്യത്തെ സാരമായി ബാധിക്കില്ല എന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അറിയിച്ചു. സാധാരണ അഞ്ചു വര്‍ഷത്തോളം ആയുസ്സ് ഉണ്ടാവേണ്ട സെന്‍സര്‍ ഇത്ര പെട്ടെന്ന് കേടു വന്നത് ചന്ദ്രന്റെ പ്രതലത്തിലെ വര്‍ധിച്ച പ്രസരണവും ചൂടും മൂലം ആകാം എന്നാണ് കരുതപ്പെടുന്നത്. മറ്റ് ഘടകങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമമാണ്.
ബഹിരാകാശ ദൌത്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. ബഹിരാകശത്ത് നേരിടുന്ന അവിചാരിതമായ പരിതസ്ഥിതികളില്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. ഇത് ശാസ്ത്രജ്ഞര്‍ മുന്‍കൂട്ടി കണ്ട് ഇതിനുള്ള പ്രതിവിധികളും പകരം സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുന്നു.
രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ പേടകത്തിന്റെ ദിശ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന സെന്‍സര്‍ ആണ് കേടു വന്നത്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ദിശ നിയന്ത്രിക്കുവാനായി ഉള്ള പകരം സംവിധാനം ആണ് ജൈറോസ്കോപ്പ്. ഭൂമിയില്‍ നിന്നും ദിശ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകളും മറ്റു ഉപകരണങ്ങളും ജൈറോസ്കോപ്പ് ഉപയോഗിച്ചു പേടകത്തിന്റെ ദിശ നിയന്ത്രിക്കുവാനായി മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം, സാങ്കേതികം