ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ സൂര്യ ഗ്രഹണം ബുധനാഴ്ച സംഭവിച്ചു. ശാന്ത സമുദ്രത്തിനു മുകളില്‍ ഗ്രഹണം ആറ് മിനിട്ടും 39 സെക്കന്‍ഡും നേരം നില നിന്നു എന്നാണ് നാസയുടെ കണക്ക്. ഭൂമിയില്‍ നിന്നും സൂര്യന്റെ വാതക ആവരണമായ കൊറോണയെ കാണുവാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് സൂര്യഗ്രഹണം. ഇത്രയും ദൈര്‍ഘ്യം ഉള്ള ഒരു സൂര്യ ഗ്രഹണം ഇനി കാണാന്‍ 123 വര്‍ഷങ്ങള്‍ കഴിയണം; അതായത് ജൂണ്‍ 13, 2132 നാവും ഇനി ഇത്രയും നീളമേറിയ ഒരു സൂര്യ ഗ്രഹണം.
സമ്പൂര്‍ണ്ണ ഗ്രഹണം നടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ നേരത്തേ എത്തി ഗ്രഹണം കാണാന്‍ തമ്പടിച്ചിരുന്നു. ഇന്ത്യയില്‍ ഗയ, പാട്ന, താരേഗന എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം ദര്‍ശിക്കാനായി. ഡല്‍ഹിയില്‍ നിന്നും സൂര്യ ഗ്രഹണം ദര്‍ശിക്കാനായി ഒരു പ്രത്യേക വിമാന സര്‍വീസും ഉണ്ടായിരുന്നു. 80,000 രൂപയായിരുന്നു ഈ വിമാനത്തില്‍ ജനലിനരികിലെ സീറ്റിന്റെ ടിക്കറ്റ് നിരക്ക്. രാവിലെ 04:57ന് ഈ വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന് ഗയയില്‍ എത്തി സൂര്യ ഗ്രഹണം കഴിയുന്നത് വരെ ഗയക്ക് മുകളില്‍ വട്ടമിട്ട് പറന്നു. 41,000 അടിയില്‍, മേഘങ്ങള്‍ക്കും മുകളില്‍ പറക്കുന്നത് കൊണ്ട് വിമാനത്തില്‍ ഉള്ള 72 യാത്രക്കാര്‍ക്കും ഗ്രഹണം വ്യക്തമായി കാണുവാന്‍ സാധിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം