ബാംഗ്ലൂര്‍ : കാമുകന്‍ തന്നെ ഉപേക്ഷിച്ചതായി കാമുകന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് കണ്ട വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ആണ് സംഭവം. 23 കാരിയായ മാലിനി തന്റെ കാമുകനുമായി വഴക്ക് കൂടിയപ്പോഴാണ് കാമുകന്‍ തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് മാറ്റിയത്. “പുതിയ കാമുകിയെ ഉപേക്ഷിച്ചതോടെ നല്ല സുഖം തോന്നുന്നു. ഹാപ്പി ഇന്‍ഡിപെന്‍ഡനസ് ഡേ” ഇതായിരുന്നു കക്ഷിയുടെ പുതിയ സ്റ്റാറ്റസ്. ഇത് കണ്ടു മനം നൊന്താണ് മാലിനി തന്റെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങി മരിച്ചത്.
ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് കാമറൂണ്‍ ഡയസ് ദമ്പതികള്‍
ഫേസ്ബുക്കില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഇത്തരം സൌഹൃദങ്ങള്‍ സൗഹാര്‍ദ്ദപരമായി എങ്ങനെ അവസാനിപ്പിക്കണം എന്ന് യുവജനങ്ങളെ ബോധവല്‍ക്കരിക്കണം എന്ന് സാമൂഹ്യ ശാസ്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരാളോട് പിണങ്ങിയാല്‍ ഉടന്‍ അയാളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക, അയാളെ സുഹൃത് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുക, അയാളെ പറ്റി മോശമായി ഫേസ്ബുക്ക് വോളില്‍ എഴുതുക ഇതൊന്നും ചെയ്യരുത് എന്ന് ഇവര്‍ ഉപദേശിക്കുന്നു. സ്നേഹ ബന്ധങ്ങള്‍ നല്ല നിലയില്‍ കൊണ്ട് നടക്കുന്നത് പോലെ തന്നെ പ്രധാനമാണ് അവ സൌഹാര്‍ദ്ദ പരമായി അവസാനിപ്പിക്കുന്നതും. വിവാഹ ബന്ധം മോചിപ്പിച്ചതിനു ശേഷവും നല്ല സുഹൃത്തുക്കളായി കഴിയുവാന്‍ പാശ്ചാത്യ സമൂഹത്തിനു കഴിയുന്നത് ഇതിനൊരു നല്ല ദൃഷ്ടാന്തമാണ്. ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് കാമറൂണ്‍ ഡയസ് ദമ്പതികള്‍ ബന്ധം പിരിഞ്ഞതിനു ശേഷവും സുഹൃത്തുക്കളായി കഴിയുന്നതും ഒരുമിച്ചു ഒരു സിനിമയില്‍ അഭിനയിച്ചതും വരെ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. ഈ കാര്യങ്ങളെല്ലാം യുവാക്കളെ പറഞ്ഞു മനസിലാക്കണം എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ദുരന്തം