ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹ വാഹിനി പി.എസ്.എല്‍.വി. സി-14 ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 11:51 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഓഷ്യന്‍സാറ്റ്-2 എന്ന ഉപഗ്രഹവും മറ്റ് ആറ് വിദേശ ഉപഗ്രഹങ്ങളും ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക എന്ന ദൌത്യവുമായാണ് പി.എസ്.എല്‍.വി സി-14 കുതിച്ച് ഉയര്‍ന്നത്. തിങ്കളാഴ്‌ച്ച രാവിലെ ഒന്‍പതു മണിയ്ക്കാണ് റോക്കറ്റിന്റെ കൌണ്ട് ഡൌണ്‍ തുടങ്ങിയത് എന്ന് ദൌത്യത്തിന്റെ റേഞ്ച് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം. വൈ. എസ്. പ്രസാദ് അറിയിച്ചു. കാലാവസ്ഥ തൃപ്തികരമാണ്. മറ്റ് സാഹചര്യങ്ങളും അനുകൂലം തന്നെ. 960 കിലോഗ്രാം ഭാരമുള്ള ഓഷ്യന്‍ സാറ്റ്-2 എന്ന ഉപഗ്രഹം ആയിരിയ്ക്കും ആദ്യം ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക. ഇതിനു ശേഷം 1 കിലോഗ്രാം മാത്രം ഭാരമുള്ള നാല് നാനോ ഉപഗ്രഹങ്ങളായ ക്യൂബ്സാറ്റ് 1,2,3,4 എന്നിവ വാഹിനിയില്‍ നിന്നും വേര്‍പെടുത്തും. 9.1 കിലോഗ്രാമും 9.2 കിലോഗ്രാമും ഭാരമുള്ള റൂബിന്‍സാറ്റ് ഉപഗ്രഹങ്ങള്‍ റോക്കറ്റിന്റെ നാലാമത്തെ ഘട്ടവുമായി സ്ഥിരമായി ഘടിപ്പിച്ചിരിക്കുകയാണ്. ഇവ വേര്‍പെടുത്താതെ നാലാം ഘട്ടത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയാവും ചെയ്യുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം