അഹമ്മദാബാദ് : യാത്രക്കാരന്‍ തന്റെ ഓട്ടോറിക്ഷയില്‍ മറന്നു വെച്ച രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടു പിടിച്ചു തിരികെ നല്‍കി സത്യസന്ധതയുടെ മകുടോദാഹരണമായി. അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവര്‍ ആയ മൊഹമ്മദ് ഷക്കീര്‍ അന്‍സാരിയാണ് കഥാനായകന്‍. തന്റെ ഓട്ടോയില്‍ കയറാന്‍ തുടങ്ങിയ ആള്‍ ബാഗ് സീറ്റില്‍ ആദ്യം വെച്ചതിനു ശേഷം ഒട്ടോയിലേക്ക് കയറുവാന്‍ തുടങ്ങുന്നതിനു മുന്‍പ് ആള്‍ കയറി എന്ന് കരുതി ഡ്രൈവര്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. കുറെ നേരം കഴിഞ്ഞാണ് ഓട്ടോയില്‍ യാത്രക്കാരന്‍ കയറിയിട്ടില്ല എന്ന് അന്‍സാരി ശ്രദ്ധിച്ചത്. പിന്നെ ബാഗ് തിരികെ എല്പ്പിക്കാനായി അയാളുടെ ശ്രമം. ആള്‍ കയറുവാന്‍ തുടങ്ങിയ സ്ഥലത്ത് നോക്കിയപ്പോള്‍ ആളെ കാണാനില്ല. നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോഴുണ്ട് ബാഗിന്റെ ഉടമ അവിടെ നില്‍ക്കുന്നു. കയ്യോടെ ബാഗ് തിരികെ ഏല്‍പ്പിച്ചപ്പോഴാണ് അതിലെ ഉള്ളടക്കം അന്‍സാരി അറിയുന്നത്. 20 ലക്ഷം രൂപയിലേറെ വില മതിക്കുന്ന രത്നങ്ങള്‍ ആയിരുന്നു അതില്‍. പോലീസും രത്ന വ്യാപാരിയും 500 രൂപ വീതം ഇയാള്‍ക്ക് പാരിതോഷികമായി നല്‍കി. ഇത്തരം നല്ല കാര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഡ്രൈവര്‍ക്ക് പാരിതോഷികം നല്‍കിയത് എന്ന് സ്ഥലം പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
- ജെ.എസ്.